ഗുരുവായൂരിലെ സ്ഥാനാർഥിയില്ലാത്ത അനിശ്ചിതത്വം: പ്രതിഷേധവുമായി ഗുരുവായൂരിലെ ബിജെപി പ്രവർത്തകർ; രണ്ട് ദിവസത്തിനകം തീരുമാനമെന്ന് നേതൃത്വം

18

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പി. സംസ്ഥാനനേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. നേരത്തേ സ്ഥാനാർഥിയായിരുന്ന നിവേദിതയ്ക്ക് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വതന്ത്രസ്ഥാനാർഥിയെ പിന്തുണച്ച് ശക്തമായി മത്സരക്കളത്തിലുണ്ടാകുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കാനായിരുന്നു ധാരണ. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയും ചെയ്തു. പക്ഷേ, പിന്നീടൊന്നുമായില്ല.

അതേസമയം ദിലീപ് നായരെ പിന്തുണയ്ക്കുന്നതിൽ എൻ.ഡി.എ.യുടെ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഡി.എസ്.ജെ.പി., എൻ.എസ്.എസുമായി സ്വരച്ചേർച്ചയില്ലാത്ത സംഘടനയാണെന്നും എൻ.ഡി.എ. പിന്തുണ നൽകിയാൽ എൻ.എസ്.എസിന്റെ എതിർപ്പ് ഏറ്റുവാങ്ങേണ്ടിവരുമെന്നും ബി.ജെ.പി. മണ്ഡലം ഭാരവാഹികളുടെ യോഗത്തിൽ അഭിപ്രായമുയർന്നു. എന്തുതന്നെയായാലും എൻ.ഡി.എ.യ്ക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഇല്ലാതിരിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ലെന്നും പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചു. തലശ്ശേരിയിലും ഗുരുവായൂരും എന്തുനിലപാട് സ്വീകരിക്കണമെന്ന് രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ സെക്രട്ടറി സി.പി. രാധാകൃഷ്ണൻ പറഞ്ഞു.