ഗുരുവായൂർ ആനക്കോട്ടയിൽ 55 പാപ്പാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

9

ഗുരുവായൂർ ആനക്കോട്ടയിൽ 55 പാപ്പാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു ഘട്ടങ്ങളായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് കണ്ടെത്തിയത്. ഇത്രയധികം പാപ്പാൻമാർക്ക് കോവിഡ് ബാധിക്കുകയും അവർ ക്വാറന്റീനിൽ പോകുകയും ചെയ്തതോടെ ആനകളെ പരിപാലിക്കുന്നതിൽ പകരം സംവിധാനം ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ദേവസ്വം.

ആനക്കോട്ടയിൽ 46 ആനകളാണുള്ളത്. ഓരോ ആനയ്ക്കും മൂന്നുപേർ വീതം 140-ലേറെ പാപ്പാൻമാരുണ്ട്. നിരീക്ഷണത്തിൽപ്പോയ പാപ്പാൻമാരുടെ കുറവ് പരിഹരിക്കാൻ മറ്റ് ആനകളുടെ ചട്ടക്കാരെ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.

അക്രമകാരികളും ആനാരോഗ്യമുള്ളതുമായ ആനകളെ പരിപാലിക്കുന്ന കാര്യത്തിലായിരിക്കും ആശങ്കയുണ്ടാകുക. ഇത്തരത്തിലുള്ള ആനകൾ മറ്റ് ചട്ടക്കാരെ പലപ്പോഴും അനുസരിക്കുന്ന പതിവില്ല. ഓരോ ആനയുടെയും സ്വഭാവവിശേഷങ്ങളും രോഗസ്ഥിതിയും അതതു പാപ്പാൻമാർക്കേ അറിയൂ. അതുകൊണ്ട് വില്ലൻമാരായ ആനകളുടെ കാര്യം ഏറ്റെടുക്കാൻ മിക്ക പാപ്പാൻമാരും പിൻവലിയുന്ന സ്ഥിതിയുമുണ്ട്.

‘ ഗസ്റ്റ് പാപ്പാൻമാരെ’ പല ആനകളും ഗൗനിക്കാറുമില്ല. ആനക്കോട്ടയിൽ ആദ്യമായിട്ടാണ് ഇത്രയധികം പാപ്പാൻമാർ ആനകളുടെ അടുത്തുനിന്ന് മാറിനിൽക്കേണ്ടി വരുന്നത്. നെഗറ്റീവായ പാപ്പാൻമാരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ദേവസ്വവും ആരോഗ്യവിഭാഗവും നിർദേശിച്ചിട്ടുണ്ട്. ആനക്കോട്ട ഉൾപ്പെട്ട പ്രദേശം കൺടെയിൻമെന്റ് സോണിലാണ്. ആനക്കോട്ടയിലേക്കുള്ള സന്ദർശകരുടെ പ്രവേശനവും നിർത്തിവെച്ചിരിക്കുകയാണ്.