ഭൂമി പൂജയോടെഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങി

8

ഭൂമി പൂജയോടെ വിഷു ദിനത്തിൽ ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നമ്പൂതിരി പൂജ നിർവഹിച്ചു. മേൽപ്പാലത്തിനുള്ള കാലുകൾ താഴ്ത്തുന്നതിന്റെ പരീക്ഷണമാണ് തുടങ്ങിയത്. 15 മീറ്റർ താഴ്ചയിലാണ് കാലുകളിടുക. മണ്ണും എത്ര മീറ്റർ വരെ പാറയുണ്ടെന്നും കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു. 15 മീറ്റർ താഴ്ചയിൽ പാറയുണ്ടെന്നാണ് കണ്ടെത്തിയത്. അതുവരെ കാലുകൾ ഇടും. മേൽപ്പാലത്തിനായി മൊത്തം പത്ത് കാലുകളാണ് സ്ഥാപിക്കുന്നത്. അടിത്തറ പണി ഉപകരാറുകാരാണ് ചെയ്യുന്നത്. ഇപ്പോഴുള്ള റെയിൽവേ ക്രോസിനു മുന്നിൽനിന്ന് മഞ്ജുളാലിനടുത്തുള്ള പെട്രോൾ പമ്പുവരെയാണ് മേൽപ്പാലം നിർമിക്കുന്നത്. 517.32 മീറ്റർ നീളവും 10.15 മീറ്റർ വീതിയുള്ളതുമായിരിക്കും മേൽപ്പാലം. കിഫ്ബിയുടെ സഹായത്തോടെ 25 കോടി രൂപയാണ് നിർമാണച്ചെലവ്. ചെന്നൈയിലെ എസ്.പി.എൽ. ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്‌.