ഗുരുവായൂരിന്റെ മേൽപ്പാല സ്വപ്നം യാഥാർഥ്യമാകുന്നു: ജനുവരി 23ന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിക്കും; കിഫ്‌ബി സഹായത്തിൽ 23 കോടി ചിലവിലാണ് പാലം നിർമാണം

64

ഗുരുവായൂരിന്റെ മേൽപ്പാലത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. പാലത്തിന് ജനുവരി 23ന് ശിലാസ്ഥാപനം നടത്തും. പാലത്തിന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ള ചെന്നൈയിലെ എസ്.പി.എൽ.ഇൻഫ്രാസ്ട്രക്ചർ കമ്പനിയുമായി ജനുവരി നാലിന് കരാർ ഉറപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ശിലാസ്ഥാപന ചടങ്ങ് നിർവഹിക്കുമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. അറിയിച്ചു.

450 കോടി രൂപ ചെലവിട്ട് കന്യാകുമാരിയിൽ മികച്ച രണ്ടു മേൽപ്പാലം നിർമിച്ച കമ്പനിയാണ് എസ്.പി.എൽ.ഇൻഫ്രാസ്ട്രക്ചർ. നിർമാണവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തുടങ്ങാമെന്നായിരുന്നു ധാരണ.

സംസ്ഥാനത്ത് പത്ത് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനൊപ്പമാണ് ഗുരുവായൂരിലെ മേൽപ്പാലവും ഉയരുക. കിഴക്കേ നടയിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മഞ്ജുളാലിനു മുന്നിലെ പെട്രോൾ പമ്പു വരെ എത്തുന്നതായിരിക്കും മേൽപ്പാലം. നീളം 517.32 മീറ്ററും വീതി 10.15 മീറ്ററുമാണ്. നേരത്തെ ഉണ്ടായിരുന്നതിൽനിന്ന് പരിഷ്‌കരിച്ച അളവാണിത്. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും ഉണ്ടാകും. മേൽപ്പാലത്തിനടിയിൽ പാർക്കിങ്, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ആലോചിക്കുന്നുണ്ട്. അത് എങ്ങനെ വേണമെന്നതിനെപ്പറ്റി പിന്നീട് പദ്ധതികൾ ആവിഷ്‌കരിക്കും.

കിഫ്ബിയുടെ സഹായത്തോടെ 23.45 കോടി രൂപ ചെലവിട്ടാണ് മേൽപ്പാലം പണിയുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് നിർമാണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്.