ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനാണോ..? എങ്കിൽ ഒരു ‘കവറും’ കൂടി കരുതിക്കോളു; ചെരുപ്പ് സൂക്ഷിക്കാൻ കവറും കൊണ്ടു വരണമെന്ന് നിർദേശം

67

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനാണോ..? എങ്കിൽ ചെരുപ്പ് സൂക്ഷിക്കാൻ കവറും കൂടി കരുതിക്കോണം. ദർശനത്തിന് എത്തുന്ന ഭക്തൻ ദേവസ്വം ഉടമസ്ഥതയിലുള്ള ക്ലോക്ക് റൂമുകളിൽ ചെരുപ്പ് സൂക്ഷിക്കണമെങ്കിൽ അത് ‘കവറിലാക്കി’ കൊടുക്കണമെന്നാണ് നിർദേശം. തൊഴാൻ വരുന്നവർ ചെരുപ്പ് സൂക്ഷിക്കാൻ ഉള്ള കവർ കൂടി കൊണ്ടുവരണം. കഴിഞ്ഞ ദിവസം ദർശനത്തിനെതിയവർ ക്ലോക്ക് റൂമിൽ ചെരുപ്പ് സൂക്ഷിക്കാൻ ഏൽപ്പിച്ചപ്പോഴാണ് ഇങ്ങനെ അറിയിച്ചത്. മുന്നറിയിപ്പില്ലാത്തതിനാലും കൂടിയാലോചനകളില്ലാതെയും അപ്രതീക്ഷിതമായി നടപ്പിലാക്കിയ പരിഷ്കാരത്തിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ വലഞ്ഞു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം വന്നെങ്കിലും ഇനിയും പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വില്പന നടത്തിയതായി കണ്ടെത്തി പിഴയീടാക്കിയതിൽ മുന്നിലാണ് ഗുരുവായൂർ. ഇത്തരം ബാഗുകൾ വിൽക്കുന്നവർക്കുള്ള സൗകര്യമാകും ഈ തീരുമാനം. അതിലുപരി ഉപയോഗം കഴിഞ്ഞ് കവറുകൾ വലിച്ചെറിയുന്നതിലൂടെ ക്ഷേത്ര പരിസരം മാലിന്യത്തിനും കാരണമാവും. ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം അവരെ ബുദ്ധിമുട്ടിലാക്കുന്നതും പ്രതിസന്ധിയിലാക്കുന്നതുമാണ് ഇതെന്ന് പൂരപ്രേമി സംഘം പ്രസിഡന്റ് കൂടിയായ ബൈജു താഴെക്കാട്ട് പ്രതികരിച്ചു. ക്ഷേത്ര പരിസരത്തെ ചില കടകളോട് ചേർന്ന് ചെരുപ്പും സാധനങ്ങളും സൂക്ഷിക്കുന്നത് നടക്കുന്നുണ്ട്. ഇത്തരക്കാർക്ക് വരുമാനമുണ്ടാക്കുനുള്ള സൗകര്യമൊരുക്കുകയാണ് അതികൃതരെന്നും വിമർശനമുണ്ട്. വികലമായ പരിഷ്കാരത്തിനെതിരെ സമൂഹ മാധ്യമത്തിലടക്കം കടുത്ത വിമർശനമുയരുന്നുണ്ട്.

Advertisement
Advertisement