അതിരപ്പിള്ളി ആനമല റോഡിൽ വൻമരം വീണു: ഏഴ് മണിക്കൂറിലേറെ നേരം ഗതാഗതം മുടങ്ങി

4

അതിരപ്പിള്ളി ആനമല അന്തർ സംസ്ഥാന റോഡിൽ വൻമരം വീണ് ഏഴ് മണിക്കൂറിലേറെ നേരം ഗതാഗതം മുടങ്ങി. മരം മുറിച്ചു നീക്കി ഗതാഗതം സാധാരണനിലയിലാക്കിയത് രാത്രി എട്ടോടെയാണ്. മലക്കപ്പാറ അമ്പത്തേഴാം മൈൽ കൊത്തുകല്ലിലാണ് ഉച്ചതിരിഞ്ഞ് റോഡിലേക്ക് മരം വീണത്. 20 അടി വ്യാസവും 60 അടി നീളവുമുള്ള ചേല മരമാണ് വീണത്. മലക്കപ്പാറ റോഡിൻ്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ദിവസങ്ങളായി ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. വലിയ മരം നീക്കം ചെയ്യാൻ വനപാലകരും ഏറെ വിഷമിച്ചു. ചാലക്കുടിയിലെ അഗ്നി രക്ഷാ സേനാംഗങ്ങളെത്തി. മണ്ണ് മാന്തിയുടെ സഹായത്തോടെ ഏഴ് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിലാണ് രാത്രി എട്ടോടെ മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കാനായത്. ഫയർ സർവീസ് ജീവനക്കാരായ ടി.എസ്. അജയൻ , സി.ആർ. രതീഷ് , പി.എസ്. സന്തോഷ് കുമാർ, ആർ.എം. നിമേഷ്, വി.ആർ.രജീഷ് എന്നിവർ പങ്കെടുത്തു. മുക്കുംപുഴ , ഷോളയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും മലക്കപ്പാറ റോഡ് നിർമ്മാണത്തിന് സാധനങ്ങളുമായി പോകുന്ന ലോറി ഡ്രൈവർമാരും സേനയ്ക്കൊപ്പം പ്രവർത്തിച്ചു.

Advertisement
Advertisement