
തൃശൂർ പൂരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തുന്നതിനുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.

പൊലീസ് കൺട്രോൾ റൂമിന്റെ സഹായത്തോടെ പഴുതടച്ച സുരക്ഷാ മുൻകരുതലകളാണ് പൂരത്തിനായി ഒരുക്കിയിട്ടുള്ളത്. തൃശൂർ റൗണ്ടിലും പരിസരങ്ങളിലും നിലവിലുള്ള 340 ക്യാമറകളും, പൂരത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള 125 ക്യാമറകളുമടക്കം 475 ക്യാമറകൾ പൂരനഗരിയെ 24 മണിക്കൂറും നിരീക്ഷിക്കും. സ്വരാജ് റൗണ്ടിൽ 50 മീറ്റർ ഇടവിട്ടും റൗണ്ടിനോട് ചേർന്നുള്ള സമീപപ്രദേശങ്ങളിൽ 200 മീറ്ററും ഇടവിട്ട് കേരള പോലീസിന്റെ പി ടി സെഡ്, എ എൻ പി ആർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ക്യാമറകൾ നിരീക്ഷണം ഉറപ്പാക്കും. തെക്കേഗോപുരനടക്ക് സമീപത്തായി ഒരുക്കിയിട്ടുള്ള പൊലീസ് കൺട്രോൾ റൂമിൽ ക്യാമറ നിരീക്ഷണങ്ങൾക്കായി 20 ഉദ്യോഗസ്ഥരും,എട്ട് സാങ്കേതിക വിഭാഗം ജീവനക്കാരും പ്രവർത്തിക്കുന്നു. കലക്ടർ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തിരുവമ്പാടി, പാറമേക്കാവ് ദേവസങ്ങളുടെ ആനകളെ ആരോഗ്യ പരിശോധന നടത്തുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.

തെക്കേഗോപുരനടയിലെ ഇന്റർനാഷണൽ പവലിയനും മീഡിയ പവലിയനും സന്ദർശിച്ച് സുരക്ഷാ മുൻകരുതലുകൾ പരിശോധിച്ചു. സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, പൊലീസ് ഉന്നതോദ്യോഗസ്ഥർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും പരിശോധനയിൽ ഭാഗമായി.
പൂരത്തിന് വിപുലമായ മുന്നൊരുക്കങ്ങൾ
2023 ലെ തൃശൂർപൂരത്തിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ മുൻകരുതലുകളാണ് കേരളാ പോലീസ് സ്വീകരിച്ചിട്ടുള്ളത്. പൂരം കാണുവാനെത്തുന്ന ഭക്തജനങ്ങളെല്ലാവരും തന്നെ പോലീസിന്റെ നിർദേശങ്ങളോട് ആത്മാർഥമായി സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. പൂരനഗരി പൂർണമായും 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസിന്റെ സിസിടിവി നിരീക്ഷണത്തിലായിരിക്കും.
1. തൃശൂർ പൂരം പ്രമാണിച്ചു വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും നിയമാനുസൃത അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ.
2. തൃശൂർ ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളനുസരിച്ച് മാത്രം നിർദിഷ്ട ഇടങ്ങളിലും പാർക്കിങ് ഗ്രൗണ്ടുകളിലും മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.
3. ജനങ്ങൾക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ തൊട്ടടുത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
4.വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയേറ്ററിനു സമീപമുള്ള ചെമ്പോട്ടിൽ ലൈൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നു.
5. പൂരം കാണുവാൻ രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് നിർബന്ധമായും പോലീസിന്റെ ടാഗ് കെട്ടിക്കൊടുക്കേണ്ടതാണ്. ഈ ടാഗിൽ നിന്നും കുട്ടിയുടെ രക്ഷിതാവിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കും.
6. പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന ഷെഡിന് സുരക്ഷിതത്വം നൽകുന്നതിനുവേണ്ടി ചുറ്റുപാടും വേലികെട്ടി തിരിച്ചിരിക്കുന്നു. ഇവിടേക്ക് ആർക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ല. തീപിടിക്കാവുന്ന വസ്തുക്കൾ കൊണ്ടുനടക്കുന്നതും നിരോധിച്ചിരിക്കുന്നു.
7. പൂരത്തിനിടയിൽ എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുകയാണെങ്കിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ പ്രവർത്തിക്കുന്നതാണ്. അതിനാൽ പൊതുജനങ്ങൾ ഭയചകിതരാകാതെ, സ്വയം നിയന്ത്രണം പാലിക്കുകയും, പോലീസിന്റെ നിയന്ത്രണങ്ങളോടും നിർദ്ദേശങ്ങളോടും സഹകരിക്കുകയും വേണം.
8. പൂരനഗരിയിൽ ആനകൾ അണിനിരക്കുന്നതിനാൽ അനുവദനീയമല്ലാത്ത ശബ്ദങ്ങൾ പുറപ്പെടുവിപ്പിക്കുന്ന വിസിലുകൾ മുഴക്കുന്നതും, ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതും, ഡ്രോണുകൾ പറത്തുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
9. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു മെഡിക്കൽ സംഘത്തിന്റെ സഹായം തേടാവുന്നതാണ്.
പൂരത്തിനോടനുബന്ധിച്ച് മെഡിക്കൽ സംഘം പ്രവർത്തിക്കുന്ന സ്ഥലങ്ങൾ:-
ബാറ്റ ബസ് സ്റ്റോപ്പ്.
പഴയനടക്കാവ് ജംഗ്ഷൻ.
ധനലക്ഷ്മി ബാങ്ക് ജംഗ്ഷൻ.
സ്വപ്ന തിയേറ്ററിനു സമീപം.
ഹൈറോഡ് ജംഗ്ഷൻ.
തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം : 0487 2424193
തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ : 0487 0487 2424192
തൃശൂർ സിറ്റി പോലീസ് വനിത സെൽ – 0487 2420000
വനിത പോലീസ് സ്റ്റേഷൻ : 0487 2420720
പോലീസ് കൺട്രോൾ റൂം : 0487 2424193
തൃശൂർ പൂരം പോലീസ് സ്പെഷ്യൽ കൺട്രോൾ റൂം നമ്പർ 0487 2422003
കേരളാ പോലീസ് എമർജൻസി കൺട്രോൾ 112
ക്രമസമാധാന വിഭാഗം ADGP കൺട്രോൾറൂം : 9497927702