പൂരത്തിനിടയിൽ ദുരന്തമുണ്ടായാൽ: മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ

9

തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു. റവന്യൂമന്ത്രി കെ രാജൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയത്. പൂരവുമായി ബന്ധപ്പെട്ട് 8 മുതൽ 11 വരെ നടക്കുന്ന ചടങ്ങുകളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സലാണ് നടന്നത്.

Advertisement

വിവിധ വിഭാഗങ്ങളുടെ ആനകൾ കടന്നുപോകുന്ന വഴികൾ, വെടിക്കെട്ട്, കുടമാറ്റം, മഠത്തിൽവരവ്, ഇലഞ്ഞിത്തറ മേളം എന്നിങ്ങനെ ഓരോ പ്രധാന പോയന്റുകളിലും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് മോക്ക്ഡ്രില്ലിൽ വിലയിരുത്തിയത്. എന്തെങ്കിലും പ്രശ്നങ്ങൾക്കുള്ള സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സലും അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും മന്ത്രിയും ജില്ലാ കലക്ടറും അടങ്ങിയ സംഘം വിലയിരുത്തി.

തെക്കേഗോപുര നടയിൽ മരം വീണ അപകടമാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി ആദ്യം നടന്നത്. ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള 4 പോയിന്റുകൾ കേന്ദ്രീകരിച്ചായിരുന്നു മോക്ക്ഡ്രിൽ. പൂരം ഒരുക്കങ്ങൾ പുരോഗമിക്കവെ അവസാന വട്ട വിലയിരുത്തലിന്റെ ഭാഗമായാണ് എല്ലാ വകുപ്പുകളെയും സംയുക്തമായി ഏകോപിപ്പിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.

പൂരത്തിന് ജനത്തിരക്കുണ്ടാകുന്ന പ്രധാന പോയിന്റുകൾ കൃത്യമായി പരിശോധിച്ചു കൊണ്ടുള്ള അവസാന പരീക്ഷണമാണ് മോക്ക്ഡ്രില്ലെന്നും അത് വിജയമായെന്നും റവന്യൂമന്ത്രി പറഞ്ഞു. തൃശൂർ പൂരത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. എവിടെയാണ് ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ളതെന്നും അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നും മോക്ഡ്രിൽ വഴി വിലയിരുത്തിയെന്നും ജില്ലാ കലക്ടർ കൂട്ടിചേർത്തു.

ഇത്തവണത്തെ പൂരത്തിനായി 4000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു. പൊലീസ് കൺട്രോൾ റൂമും സിസിടിവി സംവിധാനവും സജ്ജമാക്കും. പൂരം കാണാനെത്തുന്നവരുടെ സുരക്ഷയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. ഇതിന് പുറമെ പൊലീസിന്റെ ഒരു ഇവാക്വേഷൻ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, മെഡിക്കൽ ടീം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകൾ മോക്ക്ഡ്രിലിന്റെ ഭാഗമായി. ഇതിന് പുറമെ മൃഗസംരക്ഷണ വകുപ്പിന്റെ ഇടപെടൽ ഏതൊക്കെ രീതിയിൽ വേണമെന്നതും വിലയിരുത്തി. മെഡിക്കൽ ടീമിന് പുറമെ ആംബുലൻസ്, വയർലെസ് സംവിധാനങ്ങളും പൂരനഗരിയിൽ തയ്യാറായിരുന്നു. ചികിത്സാ സംബന്ധമായ അടിയന്തരഘട്ടങ്ങളെ നേരിടാൻ ഡോക്ടർമാരുടെയും സ്‌ട്രക്ചർ ടീമുകളുടെയും സേവനവും ഉണ്ടായിരുന്നു.

എന്തെങ്കിലും രീതിയിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും പ്രാഥമിക ചികിത്സ നൽകുന്നതിനുമായി മുൻവർഷത്തേക്കാൾ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 
കോവിഡ്  മൂലം മുൻവർഷങ്ങളിൽ പൂരം നടക്കാതെ പോയ സാഹചര്യത്തിൽ ഇത്തവണ  സാധാരണ ജനക്കൂട്ടത്തിനേക്കാൾ ഇരട്ടിയിലേറെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാക്കുകയാണ് മോക്ക്ഡ്രിൽ കൊണ്ട്  ലക്ഷ്യമിടുന്നത്.

മേയർ എം കെ വർഗീസ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ അരുൺ ഭാസ്കർ, എ സി പി രാജു, ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ) ഐ ജെ മദുസൂധനൻ, ആർഡിഒ പി എ വിഭൂഷണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മോക്ക്ഡ്രില്ലിന്റെ ഭാഗമായി.

Advertisement