സി.പി.എം പ്രവർത്തകൻ ഐനസ് ആന്റണി വധക്കേസ്: ഒളിവിലായിരുന്ന 10-ാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

39
9 / 100

സി.പി.എം പ്രവര്‍ത്തകനായ ഐനസ് ആന്റണിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 10-ാം പ്രതിയായ കല്ലൂര്‍ പണിക്കാട്ടില്‍ ബിനീഷ് എന്ന ഊര്‍ളി ബിജുവിനെ തൃശൂര്‍ 3-ാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഉഷാ നായര്‍ ജീവപര്യന്തം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ 9 മാസം അധികം കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ വ്യക്തമാക്കി.

2003 ജനുവരി 29ന് വൈകീട്ടായിരുന്നു പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാലയ്ക്കാപറമ്പില്‍ വെച്ച് കൊലപാതകം.

കേസില്‍ ആകെ 13 പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ മുമ്പ് വിചാരണ നടത്തി കൊലപാതകത്തിലും, ഗൂഢാലോചനയിലും പ്രതികളായ 8 പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. കൊലപാതകത്തിന് ശേഷം 10-ാം പ്രതി പ്രതി വിചാരണ നേരിടാതെ വിദേശത്ത് ഒളിവില്‍ പോവുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ 10-ാം പ്രതിക്ക് മാത്രമായി 3-ാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വീണ്ടും വിചാരണ നടത്തുകയാണുണ്ടായത്.

സംഭവത്തിന് തൊട്ടുമുമ്പ് 10-ാം പ്രതിയായ ഊര്‍ളി ബിനീഷ് എന്ന പ്രതിയാണ് മറ്റു പ്രതികള്‍ക്ക് പരിക്കു പറ്റിയ ബെന്നിയെയും, ഐനസ് ആന്റണിയേയും ചൂണ്ടിക്കാണിച്ച് നല്‍കിയത് എന്നാണ് പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചത്.

പുതിയ വിചാരണ സമയത്ത് പല പ്രധാനസാക്ഷികളും മരണപ്പെടുകയും ചിലര്‍ രോഗബാധിതരായി കോടതിയിലേക്ക് എത്താന്‍ പറ്റാത്ത സ്ഥിതിയിലുമായിരുന്നു. അസുഖബാധിതരായ സാക്ഷികളെ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം കോടതി കമ്മീഷണറായി നിയമിച്ച ചാലക്കുടി 1-ാം ക്ലാസ്സ് മജിസ്ത്രേട്ട് മുഖേനെ സാക്ഷികളുടെ വീട്ടില്‍ ചെന്നാണ് സാക്ഷിവിസ്താരം നടത്തിയത്.

പ്രതി കുറ്റക്കാരനാണെന്നു കണ്ട കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴയടക്കാനും, പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷയും 307-ാം വകുപ്പനുസരിച്ച 8 വര്‍ഷം കഠിനതടവിനും 50000 രൂപ പിഴയടക്കാനും, പിഴയടച്ചില്ലെങ്കില്‍ 3 മാസം തടവിനും, 324-ാം വകുപ്പനുസരിച്ച് ഒരു വര്‍ഷം കഠിനതടവും, 143-ാം വകുപ്പ പ്രകാരം 6 മാസം തടവിനും, 147-ാം വകുപ്പ് പ്രകാരം 2 വര്‍ഷം കഠിനതടവും എന്നിങ്ങനെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്.