കാട്ടൂരിൽ വീടിന് ബോംബെറിഞ്ഞ് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഗുണ്ടാ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

39

ഇരിങ്ങാലക്കുട കാട്ടൂരിൽ വീടിന് ബോംബെറിഞ്ഞ് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കരാഞ്ചിറ ചെമ്പകപ്പള്ളി നിഖിൽ(35), ഒളരി പുല്ലഴി ഞങ്ങേലി വീട്ടിൽ ശരത്(36) എന്നിവരാണ് കാട്ടൂർ പോലീസിന്റെ പിടിയിലായത്. ഗുണ്ടാനേതാവ് ദർശൻ അടക്കമുള്ളവർ പിടിയിലാകാനുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാട്ടൂർക്കടവ് സ്വദേശി നന്ദനത്ത് വീട്ടിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ(43) വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ വീട്ടിലെത്തിയ അക്രമികൾ ലക്ഷ്മിക്ക് നേരെ പടക്കമെറിഞ്ഞു. പേടിച്ചോടിയ വീട്ടമ്മയെ പിന്നിൽ നിന്ന് വെട്ടി വീഴ്ത്തുകയായിരുന്നു. നേരത്തെ പ്രദേശത്തെ കോളനിയിൽ ഹരീഷും ദർശന്റെ സംഘവും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഇതിന് പ്രതികാരം തീർക്കാനാണ് ഗുണ്ടാസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.