അംഗൻവാടിയ്ക്കായി സൗജന്യമായി സ്ഥലം നൽകി ജേക്കബും കുടുംബവും; നന്ദി അറിയിക്കാൻ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വീട്ടിലെത്തി

21

തോളൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പൊറത്തൂർ വീട്ടിൽ പി.കെ ജേക്കബും കുടുംബവും സമൂഹത്തിനാകെ മാതൃകയായിരിക്കുകയാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 50-)o നമ്പർ അംഗൻവാടിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വേണമെന്നുള്ള ആവശ്യം മനസ്സിലാക്കി മൂന്ന് സെൻ്റ് സ്ഥലം വിട്ടുനൽകിയിരിക്കുകയാണ് ഇവർ. ജേക്കബിനും ഇളയ മകൻ മിഥുൽ ജേക്കബിനുമായിട്ടുള്ള സ്ഥലത്തിൽ നിന്നും മൂന്ന് സെൻ്റ് ഭൂമി കുടുംബത്തിൻ്റെ പിന്തുണയോടുകൂടി അംഗൻവാടിയ്ക്കായി വിട്ടുനൽകി. സി.പി.എം കിഴക്കേ അങ്ങാടി ബ്രാഞ്ച് അംഗമാണ് ജേക്കബ്ബേട്ടൻ. വിവരമറിഞ്ഞ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ജേക്കബിന്റെ വീട്ടിലെത്തി നന്ദി അറിയിച്ചു. തോളൂർ ഗ്രാമപഞ്ചായത്തിനുവേണ്ടി ഭൂമിയുടെ രേഖകൾ എം.എൽ.എ ഏറ്റുവാങ്ങി. ജേക്കബ്ബേട്ടനോടൊപ്പം ഭാര്യ മേഴ്സി ജേക്കബ്ബ്, മക്കളായ മെൽജോ, മിഥുൽ എന്നിവർ ചേർന്നാണ് രേഖകൾ നൽകിയത്. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രഘുനാഥൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, വാർഡ് മെമ്പർ ലില്ലി ജോസ്, സിപിഎം ഏരിയ കമ്മിറ്റിയംഗം കെ പി രവീന്ദ്രൻ, തോളൂർ ലോക്കൽ സെക്രട്ടറി കെ എൽ സെബാസ്റ്റ്യൻ, അംഗൻവാടി വർക്കർ രാധിക തുടങ്ങിയവർ പങ്കെടുത്തു.
എം എൽ എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി കെട്ടിടം നിർമ്മിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Advertisement
Advertisement