ആചാരനുഷ്ഠാനങ്ങൾ ഏറെയുള്ള കാട്ടകാമ്പാൽ ഭഗവതീക്ഷേത്രത്തിലെ പൂരവും ചടങ്ങായി മാത്രം നടത്തും

8

ആചാരനുഷ്ഠാനങ്ങൾ ഏറെയുള്ള കാട്ടകാമ്പാൽ ഭഗവതീക്ഷേത്രത്തിലെ പൂരം ചടങ്ങായി മാത്രം നടത്തും. വെള്ളി, ശനി ദിവസങ്ങളിലാണ് പൂരം ആഘോഷിക്കുന്നത്. സർക്കാർ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ദേശപ്പൂരങ്ങൾ ഒഴിവാക്കി ദേവസ്വം പൂരം മാത്രമായി അഞ്ച് ആനകളുടെ അകമ്പടിയോടെ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാരും പോലീസും പുറത്തിറക്കിയ പുതിയ മാർഗ നിർദേശങ്ങളുടെ ഭാഗമായി പൂരം ചടങ്ങ് മാത്രമായി നടത്താൻ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. പോലീസ് നിർദേശങ്ങൾ ഭരണസമിതിക്ക് കൈമാറിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ക്ഷേത്ര ഭരണസമിതി അടിയന്തരമായി ചേർന്ന യോഗത്തിലാണ് ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചതെന്ന് ഭരണസമിതി പ്രസിഡന്റ് രജീഷ് കൃഷ്ണൻ, സെക്രട്ടറി വി.ഇ. സദാനന്ദൻ തുടങ്ങിയവർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരാനയുമായി ദേവസ്വം പൂരം മാത്രം നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ആചാരാനുഷ്ഠാനങ്ങൾ ഏറെയുളള ക്ഷേത്രത്തിലെ പൂരം ചടങ്ങുകൾ മാത്രമായി നടത്തുന്നത് രണ്ടാം തവണയാണ്. വെള്ളിയാഴ്ച നടന്ന ഭഗവതിയുടെ ആറോട്ടെയാണ് പൂരം ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചത്. പൂരത്തിന്റെ ഭാഗമായി നടക്കാറുളള ദേശപറ ഒഴിവാക്കിയിരുന്നു. പൂര ദിവസം നടക്കുന്ന പ്രസിദ്ധമായ കാളി- ദാരിക സംവാദവും പിറ്റേ ദിവസം രാവിലെ നടക്കുന്ന കാളി പ്രതീകാത്മകമായി ദാരികനെ നിഗ്രഹിച്ച് മടങ്ങുന്നതും ചടങ്ങ് മാത്രമായി നടക്കും.