Home Kerala Thrissur പൂരത്തെ അറിഞ്ഞ് പൂരം കൂടാം

പൂരത്തെ അറിഞ്ഞ് പൂരം കൂടാം

0
പൂരത്തെ അറിഞ്ഞ് പൂരം കൂടാം

തൃശൂർ ലോകത്തിന് സമ്മാനിച്ച മഹോൽസവമാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്നശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 228 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിൻറെ ഉത്സവകാലങ്ങളുടെ മുഖമുദ്രയാണ്. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശൂരിൽ എത്താറുണ്ട്. മേടമാസത്തിലെപൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.


ക്ഷേത്രങ്ങൾ


പാറമേക്കാവ് ക്ഷേത്രം • തിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രം • പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം • ചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രം • പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി • ലാലൂർ കാർത്ത്യായനി ക്ഷേത്രം • ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം • അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം • കുറ്റൂർ നെയ്തലക്കാവിലമ്മ

ചടങ്ങുകൾ

മഠത്തിൽ വരവ് • പൂരപ്പുറപ്പാട്
ഇലഞ്ഞിത്തറമേളം • തെക്കോട്ടിറക്കം
കുടമാറ്റം • വെടിക്കെട്ട്


ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന പൂരം എക്‌സിബിഷൻ ഇത് 60ന്റെ നിറവിലാണ്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്. പൂരം നടത്തിപ്പിന്റെ പ്രധാന വരുമാനമാർഗം കൂടിയാണ് പൂരം പ്രദർശനം. തൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ചരിത്രം
ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. ഒരു തവണ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളുൾപ്പെടുന്ന തൃശൂർ പൂര സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്നും മറ്റൊരു വാദം. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ 1797 മേയിൽ (972 മേടം) തൃശൂർ പൂരം ആരംഭിച്ചു. പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവും തിരുവമ്പാടിയുമാണെന്നും തമ്പുരാൻ കൽപിച്ചു.
അങ്ങനെ തൃശൂർ പൂരമുണ്ടായി
തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തിൽ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തിൽ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.
പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണ് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നൈതലകാവ് ഭഗവതി. ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നത് മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളോ, തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്.
പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു.
തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.

പന്തൽ

FB IMG 1682799565412


പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.
നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്.
പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂർ പൂരത്തിന്റെ പന്തലുകൾ പരസ്യക്കാർക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോർഡുകളോ പന്തലിൽ അനുവദിക്കില്ല. ദേവസ്വത്തിന്റെ പേര് പോലും ഈ പന്തലുകൾക്കാവശ്യമില്ല. പന്തൽ ഏതു വിഭാഗത്തിന്റേതാണെന്ന് അറിയാത്തവരുമില്ല. അതുപോലെ പൂരം ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിൽ ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല.
തിരുവമ്പാടി ക്ഷേത്രത്തിൽ

133715779 2859262277692886 1752621204058328389 n


തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തിൽ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാർ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകൾ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു.


പാറമേക്കാവ് ക്ഷേത്രത്തിൽ

12122391 548118502031451 8813714662163697977 n


പാറമേക്കാവ് ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകൽ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്.


ആനച്ചമയം പ്രദർശനം

13007204 619388984885184 4516211318825747083 n


തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.


ചടങ്ങുകൾ

images 2 1


കണിമംഗലം ശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കുന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.
ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.
ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.
പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്.


ചെറു പൂരങ്ങൾ

60220859 1954131054715213 5118988554495590400 n


പൂരത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ. മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്.


കണിമംഗലം ശാസ്താവ്

317085210 466273148950939 4410092761750669677 n


വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.


പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

342196107 753742012967519 3231179873290259230 n


തൃശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.


ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി

12741902 1130663680297767 5405626014837148029 n


പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്നതുകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും.പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.


പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി

118784672 1631372400370877 158259508899108012 n


പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.


ലാലൂർ കാർത്ത്യായനി ഭഗവതി

294484738 180206124402006 2283067302658283202 n


കാലത്ത് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും.


ചൂരക്കോട്ടുകാവ് ഭഗവതി

184547951 2880009798907863 9196348077880617000 n


തൃശൂർ പൂരത്തിന് 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.
കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.
രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും. വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.


അയ്യന്തോൾ കാർത്ത്യായനി ഭഗവതി

309982656 5534767689946677 7591009471821414378 n


പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും.
രാത്രി എട്ടിന് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും.
കുറ്റൂർ നെയ്തലക്കാവിലമ്മ
പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വ്വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതരയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.


മഠത്തിൽ വരവ്

60180822 2329901040400442 6341630336232849408 n


മഠത്തിൽ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാർത്ഥികൾ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു.
മഠത്തിൽ വരവ് അതിൻറെ പഞ്ചവാദ്യമേളത്തിലാണ്‌ പ്രസിദ്ധിയാർജ്ജിച്ചത്. ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല. മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തീരുകാലശം കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.


പാറമേക്കാവിൻറെ പുറപ്പാട്

10406904 907607302633875 1564245999682015974 n


ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിൻറെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു.


ഇലഞ്ഞിത്തറമേളം

280303792 4817873371645054 2029772677628259388 n


വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.
വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.
പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ്എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.


തെക്കോട്ടിറക്കം

96235927 1558279007658932 4757404728248238080 n


ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌.
പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.


കൂടിക്കാഴ്ച – കുടമാറ്റം

422176 3288529615059 1672507923 n


ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉഅയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.
എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി.അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദർശിപ്പിക്കും.
ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്.കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും.
ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു.
എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്.


വെടിക്കെട്ട്

FB IMG 1682713392523


പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം.


പകൽ പൂരം-ഉപചാരം ചൊല്ലൽ

FB IMG 1682747906266


പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.


പൂരക്കഞ്ഞി

280736365 385769883564771 5161284254318400063 n


പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.

വിവാദങ്ങൾ

FB IMG 1682746573702


സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയിൽ പൂരങ്ങളിൽ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാൽ 2007 മാർച്ച് 27-ന് സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയിൽ ഈ വിലക്കിൽ നിന്ന് തൃശ്ശൂർ പൂരത്തെ ഒഴിവാക്കി. ഏപ്രിൽ 12 ന്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ‘ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്’ എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. എന്നാൽ ഈ വിധിയും പിന്നീട് കോടതി ഭേദഗതി വരുത്തി.
തൃശൂർ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ൽ ഹൈക്കോടതി നിരോധിച്ചുവെങ്കിലും പിന്നീട് ആ വർഷം തന്നെ ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകി


തൃശൂർ പൂരം പ്രദർശനം

343695513 185797157247468 5809942500866327402 n


തൃശൂർ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദർശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിന് ഏകദേശം ഒരു മാസം മുമ്പേ തേക്കിൻകാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്. പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിൻറെ നേതൃത്വത്തിൽ തുടർന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ നഗരസഭയാണ് പ്രദർശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദർശനം നിലച്ചു. 1962-ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശൂർ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ൽ തൃശൂർ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്. പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആവർഷം പൂരം തന്നെ വേണ്ടെന്ന് വെക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് 1964ൽ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു.

ചടങ്ങ് മാത്രമായി


പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സന്ദർഭങ്ങളുമുണ്ട്
1930ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല.1948ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്നും 1962ൽ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി. 1964 ൽ എക്സിബിഷൻ കമ്മിറ്റിയുമായുണ്ടായ തർക്കത്തെ തുടർന്ന് പൂരം നടന്നില്ല. 2020ലും 2021ലും കോവിഡ് സാഹചര്യത്തിലും ചടങ്ങിലൊതുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here