സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്: കൊടകരയിലെ കുഴൽപ്പണക്കവർച്ചയിൽ പ്രതികൾ പിടിയിൽ; രാഷ്ട്രീയബന്ധം അന്വേഷിക്കുകയാണെന്ന് എസ്.പി പൂങ്കുഴലി, അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്, ഡി.ജി.പി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക റിപ്പോർട്ട് കൈമാറി

32

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊടുത്തയച്ച മൂന്നരക്കോടി കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ ഒൻപത് പേർ കസ്റ്റഡിയിൽ. മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. കേസിലെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും എസ്.പി വ്യക്തമാക്കി. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ് പിടിയിലായത്. വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിയ ശേഷം എറണാകുളത്തേക്കാണ് സംഘം കടന്നത്. പ്രതികളെ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. മൂന്ന് പ്രധാന പ്രതികൾ ഒളിവിലാണ്. പിടിയിലായവർ നേരത്തെ സമാന കേസുകളിൽ ഉൾപ്പെട്ടവരാണ്. ഗൂഢാലോചനയടക്കം അന്വേഷിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു. പാലിയേക്കര ടോൾ പ്ലാസയിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. പണവുമായി പോയ കാറിനെ അക്രമി സംഘം പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പണവുമായി പോയ കാർ ടോൾ നൽകുന്നതിനായി നിർത്തുന്നതും തൊട്ടുപിന്നാലെ എത്തിയ കാർ ടോൾ കൊടുക്കാതെ പിന്നാലെ പായുന്നതുമാണ് ദൃശ്യങ്ങളിൽ. ടോൾ പ്ലാസയിലെ ബാരിയറിൽ തട്ടിയ ശേഷം കാർ പാഞ്ഞുപോകുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. കാറുകളിലൊന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. സംഘത്തിലെ പത്ത് പേരെ കുറിച്ചാണ് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ബി.ജെ.പി നേതാക്കളെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. സംഘം തങ്ങിയ തൃശൂർ എം.ജി റോഡിലെ ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിൽ 15 അംഗ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.  ഇതിനിടെ കേസുമായി പരാതിക്കാർ സഹകരിക്കുന്നില്ലെന്നും പറയുന്നു. കാറിൽ 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന നിലപാടിലാണ് പരാതിക്കാർ. 25 ലക്ഷത്തിന്റെ രേഖ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. ബാക്കി തുകയെപ്പറ്റി പരാതിപ്പെട്ടാൽ ഇത് എവിടെ നിന്ന് കിട്ടി എന്ന് തെളിയിക്കേണ്ടി വരും. ഇതാണ് നിസഹകരണത്തിന് കാരണം. പൊലീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ മറ്റ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നതായും പറയുന്നു. പണം തട്ടിക്കൊണ്ട് പോയതിനെപ്പറ്റിയും പാർട്ടി നേതാക്കളുടെ ഇടപെടലിനെപ്പറ്റിയും രണ്ട് തലങ്ങളിലായിട്ടാണ് അന്വേഷിക്കുന്നത്. ഗുണ്ടകളായ പ്രതികളെ മുൻ നിർത്തി 25 ലക്ഷം മാത്രമെന്ന വിധത്തിൽ കേസ് ഒത്ത് തീർപ്പാക്കാനുള്ള ശ്രമം കേസിൽ പങ്കാളികളായ നേതാക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. നഷ്ടപ്പെട്ടതെന്ന് പറയുന്ന 25 ലക്ഷം ഹാജരാക്കി തട്ടിപ്പിന്റെ പൂർണ ഉത്തരവാദിത്തം ഗുണ്ടകളുടെ മേൽ ചാർത്തി മുഖം രക്ഷിക്കാനാണ് നേതാക്കളുടെ ശ്രമം. പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനാതലത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിലും പാർട്ടി നേതാക്കളുടെ പങ്കിനെ കുറിച്ച് അറിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ ആരോപണ വിധേയനുൾപ്പെടെ രണ്ട് നേതാക്കൾ കണ്ണൂരിൽ എത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ക്വട്ടേഷനെടുത്ത ഗുണ്ടാസംഘവുമായി സംസാരിച്ച് പണം കൈമാറിയുള്ള ഒത്തു തീർപ്പിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന. തൃശൂരിലെ ഓഫീസിൽ വെച്ചാണ് പണം തട്ടിപ്പിന്റെ ഗൂഢാലോചന നടന്നത്. ഈ സമയത്ത് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന നേതാവുൾപ്പെടെ ഇവിടെയുണ്ടായിരുന്നുവത്രെ. വിഷയം പാർട്ടിക്കകത്ത് ആളിക്കത്തുകയാണ്. സ്വന്തം പണം തട്ടിപ്പ് ഇതാദ്യത്തേതല്ലെന്ന ന്യായീകരണവും ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെത്തിയ രണ്ട് കോടി ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന നേതാവ് അടിച്ചു മാറ്റിയത് പിന്നീട് നിയന്ത്രിത സംഘടന പിടികൂടിയിരുന്നു. തൃശൂരിൽ പുറത്താക്കപ്പെട്ട നേതാവിനെതിരെയും ആരോപണമുയർന്നത് സമർപ്പണനിധിയിൽ നടത്തിയ ക്രമക്കേട് ആയിരുന്നു. ഇതിനിടെ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരുച്ച് ആദ്യ റിപ്പോർട്ട് ഡി.ജി.പി കമ്മീഷന് കൈമാറി. ഏത് രാഷ്ട്രീയപാർട്ടിയുടേതാണെന്ന് അന്വേഷിക്കുകയാണെന്ന് ഡി.ജി.പി റിപ്പോർട്ടിൽ വ്യക്തമാക്കി.