ഉല്ലാസം കരുതലോടെ; കൊടുങ്ങല്ലൂരിൽ കുട്ടികളുടെ പാർക്ക് വീണ്ടും തുറന്നു

8

പ്രവേശനം വൈകീട്ട് 3 മുതൽ 6 വരെ

കൊടുങ്ങല്ലൂർ നഗരസഭയിലെ കാവിൽ കടവിൽ പുനർ നവീകരിച്ച വി കെ രാജൻ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന പാർക്ക് ഇടക്കാലത്ത് വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം ഏറിയതോടെ വീണ്ടും അടച്ചിട്ടു.

ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കിയാണ് തുറന്നിരിക്കുന്നത്.
വൈകീട്ട് മൂന്നു മുതൽ ആറുവരെയാണ് സന്ദർശന സമയം. പിന്നീട് ഏഴുമണി വരെ പ്രവേശനം അനുവദിക്കും. പ്രവേശനം സൗജന്യമാണ്.

കൊടുങ്ങല്ലൂർ കാവിൽ കടവിൽ കനോലി കനാലിന്റെ തീരത്തുള്ള പാർക്കിൽ 35 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
നഗരസഭയുടെ 72 സെൻ്റ് സ്ഥലത്ത് 2003 ഒക്ടോബർ അഞ്ചിന് ഉദ്‌ഘാടനം കഴിഞ്ഞ പാർക്ക് 2013ലാണ് വി കെ രാജൻ സ്മാരക പാർക്ക് ആയത്. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരാണ് പാർക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.

2018ലെ പ്രളയത്തിൽ പാർക്കിലെ കെട്ടിടം ഉൾപ്പെടെ ഭാഗികമായി നശിച്ചിരുന്നു. തുടർന്ന് പാർക്കിൽ സന്ദർശകരില്ലാതായതോടെ പ്രവർത്തനവും നിലച്ചു. പാർക്ക് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായതോടെ നഗരസഭ തനതു ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് ഫ്ലോർടൈൽ, ലാൻ്റ് സ്കേപിങ് തുടങ്ങിയ പ്രവൃത്തികൾ
ആദ്യഘട്ടമെന്നോണം നടത്തി.

തുടർന്ന് അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കുട്ടികൾക്ക് കളിയുപകരണങ്ങൾ വാങ്ങാൻ 25 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ ഇന്ന് കാണുന്ന രീതിയിലേക്ക് പാർക്ക് രൂപകൽപന ചെയ്തു.

പാർക്ക് നടത്തിപ്പിനായി മുസിരിസ് പൈതൃക പദ്ധതിക്ക് വിട്ടു നൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. കനോലി കനാലിനോട് ചേർന്നുള്ള പാർക്ക് മുസിരിസ് പൈതൃക പദ്ധതിക്ക് കൈമാറുന്നതോടെ കനാലിൽ കയാക്കിങ്ങും ഫ്ലോട്ടിങ് ബോട്ട് ജെട്ടിയുടെ നിർമാണവും ആരംഭിക്കാൻ നഗരസഭയും പൈതൃക പദ്ധതി അധികൃതരും തീരുമാനമെടുക്കുന്നുണ്ട്.

നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുത്തു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എൽസി പോൾ, ഷീല പണിക്കശ്ശേരി, വിവിധ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.