കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ കോഴിയെ വെട്ടിയ സംഭവത്തിൽ 11 പേർ അറസ്റ്റിൽ; എ.എസ്.ഐക്ക് പരിക്ക്

45

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ കോഴിയെ വെട്ടിയ സംഭവത്തിൽ 11 പേർ അറസ്റ്റിലായി. അശ്വതി കാവുതീണ്ടൽ ദിവസമായ ഇന്നലെയും ചൊവ്വാഴ്ചയുമാണ് രണ്ട് സംഘങ്ങൾ ക്ഷേത്രത്തിലെത്തി കോഴിക്കല്ലിന് സമീപം കോഴിയെ വെട്ടിയത്.തടയാൻ ശ്രമിച്ച എ.എസ്.ഐയുടെ കൈക്കും മുറിവേറ്റു. ഇന്നലെ രാവിലെ വടക്കേനടയിലെത്തിയ ഒമ്പതംഗസംഘമാണ് കോഴിയെ വെട്ടിയത്. സംഭവം കണ്ട് ഓടിയെത്തി ഇവരെ പിടികൂടുന്നതിനിടയിൽ കയ്പമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. റോയ് എബ്രഹാമിന് കൈയിൽ മുറിവേറ്റു. ആശുപത്രിയിൽ എത്തിച്ച എ.എസ്.ഐ.യുടെ കൈയിൽ രണ്ട് തുന്നലിടേണ്ടിവന്നു. സംഘത്തിലുണ്ടായിരുന്ന ഒമ്പതുപേരെയും പോലീസ് വളഞ്ഞിട്ട് പിടികൂടി.

മലപ്പുറം കീഴാറ്റൂർ ആദിമാർഗി മഹാചണ്ഡാളബാബ മലബാറി മാതൃകുല ധർമരക്ഷാ ആശ്രമവുമായി ബന്ധപ്പെട്ട ഏലംകുളം പടുവൻതൊടി ബിജു (36), വൈക്കത്തൂർ വളാഞ്ചേരി കതിരക്കുന്ന് പറമ്പിൽ ഗിരീഷ് (36), മലപ്പുറം പെരിങ്ങോട്ടുകുലം കുറുന്തല ശ്രീജേഷ് (26), വടകര വാക്കയിൽ ചള്ളിയിൽ കരുൺദാസ് (28), തിരൂരങ്ങാടി പന്തീരങ്ങാട് കണ്ണാടിതടത്തിൽ സുഭാഷ് (37), ആലപ്പുഴ ചെങ്ങന്നൂർ വലിയവീട്ടിൽ സുധീഷ് (35), കോഴൂർ പഴമള്ളൂർ കുറുന്തല അനിൽകുമാർ (40), കണ്ണൂർ വെള്ളാട്ട് മണക്കടവ് രാജേഷ് (37), കോട്ടൂർ പെരിങ്ങോട്ടുകുലം കുറുന്തല രഞ്ജിത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്‌ച രാവിലെ കോഴിവെട്ട് നടത്തിയ നാലംഗസംഘത്തെയും കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കിഴുത്താണി ചങ്ങമ്പള്ളി കളരിപരമ്പര ആചാര്യൻ ശ്രീദേവ് (28), മൂക്കനൂർ അഴകം കണ്ടേശ്വരത്ത് കളരിക്കൽ ഹരികൃഷ്ണൻ (28), കിഴുത്താണി പാറയിൽവീട്ടിൽ വിഷ്ണു (22), ചങ്ങരംകുളത്ത് അനന്തകൃഷ്ണൻ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ മുഹമ്മദ് റഫീക്ക്, അജാസുജിൻ, എ.എസ്.ഐ. സി.ആർ. പ്രദീപ് എന്നിവർ ചേർന്നാണ് കിഴുത്താണിയിൽനിന്ന്‌ ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്ക് സ്റ്റേഷനിൽനിന്നുതന്നെ ജാമ്യം ലഭിച്ചു.