ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ഉത്സവം: തന്ത്രിമാരുടെ അടിയന്തര യോഗം ഇന്ന്

9

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവനടത്തിപ്പിനെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് തന്ത്രിമാരുടെ അടിയന്തരയോഗം ചൊവ്വാഴ്ച ചേരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്സവത്തിനുള്ള അനുമതി ജില്ലാ കളക്ടർ റദ്ദാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ ഉത്സവം മാറ്റിവെയ്ക്കണോ അതോ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ ചടങ്ങ് മാത്രമായി നടത്തണോയെന്ന കാര്യത്തിൽ തന്ത്രിമാരുടെ യോഗം അന്തിമതീരുമാനം കൈക്കൊള്ളും.

ചടങ്ങ് മാത്രമായി നടത്താൻ യോഗം തീരുമാനിച്ചാൽ അതിനുള്ള പ്രത്യേകാനുമതിക്കായി കളക്ടറെ സമീപിക്കുമെന്ന് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ പറഞ്ഞു. ഈ വർഷത്തെ ഉത്സവം ഏപ്രിൽ 24-ന് കൊടിയേറി മേയ് നാലിന് സമാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. മുൻ വർഷങ്ങളിലെ പോലെ 24 മണിക്കൂറും ഉത്സവപരിപാടികൾ, 101 പേരുടെ മേളം, ആനകൾ, കഥകളി, കലാപരിപാടികൾ, അലങ്കാരപ്പന്തൽ എന്നിവയടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.

എന്നാൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ തിങ്കളാഴ്ച രാവിലെ ചേർന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ഉത്സവം എങ്ങനെ വേണമെന്ന കാര്യം തന്ത്രിമാരുടെ തീരുമാനത്തിന് വിടാനും യോഗം നിശ്ചയിച്ചിരുന്നു.