കുരുംബക്കാവുണർന്നു…ഭരണിപ്പാട്ടിന്റെ താളം മുറുകി… ആചാരാരവങ്ങളോടെ കോഴിക്കല്ല് മൂടി

14

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന്റെ ആരവങ്ങളുമായി കോഴിക്കല്ല് മൂടി. ഇനി കൊടുങ്ങല്ലൂർ കാവിൽ അശ്വതി കാവുതീണ്ടൽ വരെ ഇനി പതിനായിരങ്ങളുടെ പ്രവാഹം. ഉച്ചപൂജയ്ക്ക് ശേഷം രാവിലെ 11ഓടെയാണ് കോഴിക്കല്ല് മൂടൽ ചടങ്ങ് തുടങ്ങിയത്. ക്ഷേത്രത്തിന്റെ വടക്കേ നടയിലെ വലിയ ദീപസ്തംഭത്തിന് താഴെ ഭഗവതി വീട്ടുകാര്‍ വലിയ കല്ലുകൾ കുഴികുത്തിമൂടി മേലെ ചെമ്പട്ട് വിരിച്ചു. തച്ചോളി വീട്ടിലെ കോഴികൾ ഹാജരുണ്ടോയെന്ന് മൂന്ന് വട്ടം വിളിച്ച് ചോദിച്ചതിന് ശേഷം തച്ചോളി തറവാട്ടുകാർ ചെമ്പട്ടിൽ കോഴികളെ സമർപ്പിച്ചതോടെ കാവാകെ ഭരണിപ്പാട്ടിന്റെ താളം മുറുകി കാവാകെ പടർന്നതോടെ കോഴിക്കല്ല് മൂടൽ ചടങ്ങ് അവസാനിച്ചു. ഇനി ക്ഷേത്രത്തിലേക്ക് കോമരങ്ങളുടെ വരവാണ്. 24 നാണ് ഭരണി മഹോൽസവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവുതീണ്ടൽ. കോഴിക്കല്ല് മൂടൽ ചടങ്ങിന്റെ ഭാഗമായി ദേവസ്വം അധികാരികൾ കൊടുങ്ങല്ലൂർ വലിയ തമ്പുരാന് വെള്ളിയാഴ്ച കാഴ്ചക്കുല സമർപ്പിച്ചു. ദേവസ്വം അസി. കമീഷണർ സുനിൽ കർത്ത, മാനേജർ കെ വിനോദ് എന്നിവരാണ് വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജയ്ക്ക് കാഴ്ചക്കുല സമർപ്പിച്ചത്.

Advertisement
Advertisement