സുധീപിന്റെ തോളിലിരുന്ന് ആനപ്പൊക്കത്തിൽ കൃഷ്ണപ്രിയ പൂരം കണ്ടു; തൃശൂരിന്റെ അപൂർവ സൗഹൃദം വൈറലായപ്പോൾ

108

റെക്കോർഡ് ജനക്കൂട്ടമെത്തിയ പൂരത്തിന്റെ കാഴ്ചകളിൽ വൈറലായ അപൂർവ സൗഹൃദക്കാഴ്ചയിലെ താരങ്ങൾ പൂരക്കടൽ അലതല്ലിയിരുന്ന തേക്കിൻകാട് മൈതാനിയിൽ വീണ്ടുമെത്തി. സുഹൃത്തുക്കളായ സുധീപും സുഹുത്തുക്കളായ കൃഷ്ണപ്രിയയും രേഷ്മയുമാണ് ആ വൈറൽ താരങ്ങൾ. രണ്ട് വർഷം ഇടവേളയിട്ടെത്തിയ പൂരത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവെക്കപ്പെട്ടതിൽ ഏറ്റവും വൈറലായത് യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും ആസ്വാദനത്തിനിടയിൽ ആനന്ദക്കണ്ണീരണിയുന്ന യുവതിയുടെയും കാഴ്ചയായിരുന്നത്. ആൾക്കൂട്ടത്തിൻറെ ആരവങ്ങളിൽ നിന്ന് പകർത്തിയ ദൃശ്യത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പ്രതികരണമാണുണ്ടായത്. ആരെന്ന് തിരക്കി സമൂഹമാധ്യമത്തിലും അന്വേഷണം നടക്കുന്നതോടൊപ്പം യുവതിയെ പൂരം കാണിക്കാൻ ചുമലിലേറ്റിയ യുവാവിനും ആനന്ദകണ്ണീരണിഞ്ഞ യുവതിക്കും നിറഞ്ഞ കയ്യടിയായിരുന്നു. മന്ത്രി ഡോ.ആർ ബിന്ദു അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിരുന്നു. സുധീപും കൃഷ്ണപ്രിയയും രേഷ്മയുമാണ് ആ താരങ്ങൾ. മൂന്ന് പേരും തൃശൂർ നഗരത്തിനോട് ചേർന്നുള്ള തൃശൂർക്കാർ തന്നെയാണ്. ടൊയോട്ട കമ്പനിയിലെ ജീവനക്കാരനാണ് സുധീപ്, പി.ആർ കമ്പനിയിലെ ജീവനക്കാരിയാണ് കൃഷ്ണപ്രിയയും രേഷ്മയും മൂന്ന് പേരും വളരെക്കാലമായുള്ള സുഹൃത്തുക്കളാണ്. രേഷ്മയുടെ വാഗ്ദാനമായിരുന്നു ഇത്തവണ കൃഷ്ണപ്രിയയെ കുടമാറ്റം അടുത്ത് നിറുത്തി കാണിക്കുമെന്ന്. ഇതിനായി സംഘാടകരിൽ നിന്നും പൂരം പാസ് സംഘടിപ്പിച്ചിരുന്നു. തെക്കോട്ടിറക്കത്തിന് മൂന്ന് മണിക്കൂർ മുമ്പേ തെക്കേ ഗോപുരനടയിൽ കാത്ത് നിന്നുവെങ്കിലും സുരക്ഷാ ചുമതലയുള്ള പൊലീസെത്തി സ്ത്രീകൾക്കായി അനുവദിച്ച ബാരിക്കേഡ് കെട്ടിയ മേഖലയിൽ നിൽക്കാമെന്ന് അറിയിച്ച് മാറ്റുകയായിരുന്നു. ഇവിടെ നിന്നും മാറ്റിയതോടെ മൂന്ന് പേരും ശ്രീമൂലസ്ഥാനത്തിനരികെ വരെയെത്തി. ഇതോടെ കുടമാറ്റം കാണാനാവില്ലെന്ന സങ്കടമായി. ഇതോടെ മതിൽ ചാടാമെന്നടക്കമുള്ള നിർദേശങ്ങൾ രേഷ്മ പങ്കുവെച്ചു. പൊലീസ് പിടിക്കുമെന്ന സുധീപിൻറെ മറുപടിയിൽ ആ ആവേശം തണുത്തു. എന്തായാലും കുടമാറ്റം കണ്ടിട്ടേ മടങ്ങൂവെന്ന വാശിയായതോടെ മൂന്ന് പേരും തിരക്കിലൂടെ തന്നെ മുന്നോട്ട് കയറി നേരത്തെ നിന്നിരുന്നതിന് സമീപം വരെയെത്തി. അപ്പോഴും ആൾക്കൂട്ടത്തിനിടയിൽപ്പെട്ടതോടെ തന്നേക്കാൾ ഉയരമുള്ളവർ മുന്നിലുള്ളതിനാൽ കൃഷ്ണപ്രിയക്ക് കുടമാറ്റം കാണുന്നത് പ്രയാസമായി. ഇതോടെ സുധീപ് തോളിൽ കയറണോയെന്ന് ചോദിക്കുകയായിരുന്നു. വേണമെന്ന് പറഞ്ഞതോടെ സുധീപ് കൃഷ്ണപ്രിയയെ തോളിലേറ്റി. സുധീപിൻറെ ചുമലിലിരുന്ന് ജീവിതത്തിലെ അസുലഭ നിമിഷം കൃഷ്ണപ്രിയ ആസ്വദിച്ചു. കൈവീശി മേളത്തിൻറെ ആവേശത്തിൽ കൈകൾ ഉയർത്തി വീശി, സന്തോഷത്തിൽ ആനന്ദകണ്ണീരായി വീണു. ആൺകുട്ടിയുടെ തോളിലിരുന്ന് പെൺകുട്ടി പൂരം ആസ്വദിക്കുന്നത് മൊബൈലുകളും പൂരം പകർത്തിയിരുന്ന ചാനൽ ക്യാമറകളും പകർത്തിയതോടെയാണ് ദൃശ്യങ്ങൾ വൈറലായത്. മൂവ്വരും വ്യാഴാഴ്ച രാവിലെ തേക്കിൻകാട് മൈതാനിയിൽ തങ്ങൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പൂരം കണ്ട സ്ഥലത്തെത്തി. സുധീപിന്റെ ചുമലിലിരുന്ന് കുടമാറ്റം കാണാനായ ജീവിതത്തിലെ ആനന്ദ നിമിഷത്തെയും കൃഷ്ണപ്രിയ പങ്കുവെച്ചു.

Advertisement
Advertisement