കാട്ടകാമ്പാലിന്റെ ‘കാളി’ക്ക് കലാലോകത്തിന്റെ ആദരം; കല്ലാറ്റ് രാമക്കുറുപ്പിനെ കുന്നംകുളം കഥകളി ക്ലബ് ആദരിച്ചു

39

ജീവിതം കാലം മുഴുവൻ കലാപ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച കാട്ടകാമ്പാൽ ചോരുത്ത് കല്ലാറ്റ് രാമകുറുപ്പിനെ ആദരിച്ചു. കുന്നംകുളം കഥകളി ക്ലബിൻ്റെ നേതൃത്തിലുള്ള കല്ലാറ്റ് രാമകുറുപ്പ് ആദരവ് സമിതിയാണ് കുറുപ്പിൻ്റെ കലാ സംഭാവനകൾ മാനിച്ചാണ് ആദരിച്ചത്. മന്ത്രി എ.സി മൊയ്‌തീൻ ക്ലബ്‌ അംഗങ്ങൾക്കൊപ്പം വീട്ടിലെത്തി പൊന്നാട ചാർത്തി ഉപഹാരം സമർപ്പിച്ചും ആദരിച്ചു.

ക്ഷേത്രാചാരങ്ങളോടൊപ്പം അരങ്ങേറുന്ന കലാരൂപങ്ങളിൽ അപൂർവ്വമായ ഒന്നാണ് കാട്ടകാമ്പാൽ പൂരത്തിന് നടക്കുന്ന കാളി-ദാരിക സംവാദം. കൂടിയാട്ടത്തിൻ്റെയും നാടകത്തിൻ്റേയും പ്രാങ്ങ് രൂപമായി രംഗകലാ നിരൂപകർ ഈ കലയെ വിലയിരുത്തുന്നുണ്ട്.തുടർച്ചയായി 50 വർഷത്തോളം കാളി ദാരിക സംവാദത്തിൽ കാട്ടകാമ്പാൽ കാളി വേഷം അണിഞ്ഞത് രാമകുറുപ്പായിരുന്നു.തൊണ്ണൂറ് വയസ്സ് കഴിഞ്ഞ അദ്ദേഹം ഇപ്പോൾ വിശ്രമജീവിതത്തിലാണ്.
കാളിക്കെട്ടിലും കളമെഴുത്തിലും കളംപാട്ടിലും അദ്ദേഹം കൃതഹസ്തനായിരുന്നു.അച്ഛൻ ശേഖര കുറുപ്പ് വഴിയാണ് ഈ കല അദ്ദേഹത്തിന് പകർന്ന് കിട്ടിയത്.

ക്ഷേത്ര കലാ രംഗത്ത് മാത്രമല്ല ജനകീയ കലാരൂപങ്ങളായ നാടകം , കഥാപ്രസംഗം തുടങ്ങിയ രംഗങ്ങളിലും രാമകുറുപ്പ് ഒരു കാലത്ത് സജീവമായിരുന്നു. ഒരു ലക്ഷം രൂപയും സ്നേഹോപഹാരവും നൽകിയാണ് കുന്നംകുളം കഥകളി ക്ലബ് അദ്ദേഹത്തെ ആദരിച്ചത്.