കുതിരാൻ തുരങ്കം:
പരിശോധിക്കാൻ ദേശീയപാത അതോറിറ്റി നിർദേശിച്ച വിദഗ്ദൻ പിന്മാറി: തനിക്ക് മറ്റു തിരക്കുകളുണ്ടെന്ന് പ്രൊഫ. ജി.എൽ ശിവകുമാർ ബാബു; തുരങ്കം തുറക്കുന്നത് വൈകിക്കുന്ന കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി കുട പിടിക്കുകയാണെന്ന് ഷാജി കോടങ്കണ്ടത്ത്

21

കുതിരാൻ തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി നിർദ്ദേശിച്ച വിദ്ഗദൻ വിസമ്മതം അറിയിച്ചു. ബംഗ്ളൂരിലെ ജിയോ ടെക്നിക്കൽ എൻജിനിയറിങ് ഡിവിഷനിലെ പ്രൊഫ.ജി.എൽ.ശിവകുമാർ ബാബുവാണ് പരിശോധനക്കുള്ള വിസമ്മതം അറിയിച്ചത്. ഗവ.ചീഫ് വിപ്പ് കെ.രാജന്റെയും കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്‍റെയും ഹരജി പരിഗണിച്ചായിരുന്നു ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച കോടതി ഹരജിക്കാരുടെ അഭ്യർഥന പ്രകാരം വിദഗ്ദ സമിതി റിപ്പോർട്ട് തേടിയത്. ദേശീയപാത അതോറിറ്റിയുടെ അഭ്യർഥന പ്രകാരം ശിവകുമാർ ബാബുവിനെ കേസിൽ കക്ഷി ചേർക്കുകയും പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിരുന്നത്. പരിശോധനയുടെ സമയവും തിയതിയും അറിയിക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയ ഷാജി കോടങ്കണ്ടത്ത് അയച്ച  ഇ മെയിലിനുള്ള മറുപടിയിലാണ് തന്റെ വിസമ്മതം ശിവകുമാർ ബാബു അറിയിച്ചത്. ഭരണപരമായും അക്കാദമിക് പരമായും തിരക്ക് ഉള്ളതിനാൽ കുതിരാൻ തുരങ്കം പരിശോധിക്കാൻ സാധിക്കില്ലെന്നും ജിയോ ടെക്കിന്റെ തിരുവനന്തപുരത്തെയോ കൊച്ചിയിലെയോ എൻജിനിയർമാരെയോ കോഴിക്കോട് എൻ.ഐ.ടിയിലേയോ തൃശൂർ എൻജിനിയറിങ് കോളേജിലെ വിദഗ്ദരെയോ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അറിയിച്ചാണ് ശിവകുമാർ ബാബു മറുപടി നൽകിയത്. മറുപടി അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ അറിയിക്കുമെന്ന് ഷാജി കോടങ്കണ്ടത്ത് അറിയിച്ചു. കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കുവാൻ ആവശ്യമായ ജോലിക്കാരെ നിയോഗിച്ച് പണി പൂർത്തീകരിക്കുവാൻ കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തയ്യാറാവാതെ തുരങ്കം തുറക്കുന്നത് നീട്ടിക്കൊണ്ടു പോകാനുള്ള കരാർ കമ്പനിയുടെ ശ്രമങ്ങൾക്ക് ദേശീയപാത അതോറിറ്റി കൂട്ടു നിൽക്കുകയാണെന്ന് ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.