ഓണാഘോഷം: കുതിരാൻ തുരങ്കത്തിൽ സന്ദർശകത്തിരക്ക്

43

ഓണത്തിന് കുരുക്കില്ലാത്ത തിരക്കിലമർന്ന് കുതിരാൻ. തുരങ്കം കാണാനെത്തുന്നവരുടെയും സെൽഫിയെടുക്കാനെത്തുന്നവരുടെയുമാണ് തിരക്ക്. കുതിരാൻ തുരങ്കപ്പാത തുറന്ന ശേഷമുള്ള ആദ്യ ഓണമായതാണ് തുരങ്കപ്പാത ഓണനാളിൽ സന്ദർശക തിരക്കിലായത്. പീച്ചിയും, ചിമ്മിനിയുമടക്കം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുള്ളവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഇതാണ് തുരങ്കപ്പാത കാണാൻ ആളുകളെ പ്രേരിപ്പിച്ചത്. ഓണാവധിയും, പൊതു ആഘോഷ പരിപാടികൾ ഇല്ലാതായതോടെ തുരങ്കം ഓണനാളുകളിലെ ആഘോഷ വേദി കൂടിയായി. തൃശൂരിൽ നിന്നും പാലക്കാട് നിന്നുമുള്ളവർ മാത്രമല്ല, ഇതര ജില്ലകളിൽ നിന്നുള്ളവരടക്കം നിരവധിയാളുകളാണ് ഉത്രാട നാളിലും തിരുവോണത്തിലും മൂന്നോണമായ ഞായറാഴ്ചയും കുതിരാൻ തുരങ്കപാത കാണാനെത്തിയത്.