മണ്ണുത്തി വഴുക്കുംപാറയിൽ ദേശീയപാത നിർമാണത്തിനായി നിർമാണ കമ്പനി അടച്ച ഉപകനാൽ നാട്ടുകാർ തുറപ്പിച്ചു

16

മണ്ണുത്തി വഴുക്കുംപാറയിൽ ദേശീയപാത നിർമാണത്തിനായി നിർമാണ കമ്പനി അടച്ച ഉപകനാൽ പഞ്ചായത്ത് അംഗം കെ.പി. ചാക്കോച്ചനും നാട്ടുകാരും ചേർന്ന് തുറപ്പിച്ചു. പീച്ചി ഡാമിലെ വലതുകര കനാലിന്റെ ഉപകനാലായ വഴുക്കുമ്പാറ കനാൽ നിർമാണകമ്പനി ഒന്നര കൊല്ലം മുമ്പ് നികത്തിയിരുന്നു.കനാൽ മൂടിയതോടെ മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടായി. വേനൽ കനത്തതോടുകൂടി നിർമാണ കമ്പനി അധികൃതരോട് കനാൽ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പലതവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി തയ്യാറായില്ല. തുടർന്ന് പഞ്ചായത്ത് അംഗം കെ.പി. ചാക്കോച്ചനും നാട്ടുകാരും ചേർന്ന് പ്രദേശത്ത് നടന്നു വന്നിരുന്ന അടിപ്പാലത്തിന്റെ പണികൾ തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. കനാൽ തുറന്നില്ലെങ്കിൽ ഉച്ചയ്ക്ക് മുമ്പായി തുരങ്കമുഖത്തെ പണികൾകൂടി തടയുമെന്ന് പ്രഖ്യാപിച്ചതോടെ നിർമാണ കമ്പനി അധികൃതർ സ്ഥലത്തെത്തി കനാൽ തുറന്നുകൊടുത്തു.കനാലിലൂടെ വരുന്ന വെള്ളമാണ് ഒമ്പതാം വാർഡിലേയും ആറാം വാർഡിലേയും എല്ലാ ജലസ്രോതസുകളും വഴുക്കുമ്പാറ പഞ്ചായത്ത് കുളവും വറ്റാതെ നിലനിർത്തിയിരുന്നത് . പ്രദേശത്തെ മൂന്ന് സ്വാശ്രയകുടിവെള്ള പദ്ധതികളും ഈ വെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.