അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അമ്മയുടെയും പെങ്ങന്മാരുടെയും മുതുകത്ത് കയറി ‘കക്കുകളി’ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ. കക്കുകളി നാടക വിവാദത്തിൽ കളക്ട്രേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വയം വിമർശനങ്ങളെയും എക്കാലത്തും ഉയർത്തിപ്പിടിച്ചതും അതിന് വേണ്ടി നിലകൊള്ളുന്നതുമാണ് ക്രൈസ്തവ സമൂഹം. എന്നാൽ ഇത് സമൂഹത്തിന്
ഒരിക്കലും ഉൾക്കൊള്ളുവാൻ സാധിക്കില്ല. ഞങ്ങളുടെ വിശ്വാസം ഞങ്ങളുടെ അമ്മയാണ്. നെഞ്ചിലേറ്റിയിരിക്കുന്നതാണ്. സഹോദരിമാർ വിശ്വാസത്തിന്റെ സാക്ഷികളായി സമൂഹത്തിൽ കഴിയുന്നവരാണ്. അവരെ തൊട്ടാൽ വിശ്വാസത്തെ തൊടുന്നതും സഭയെ തൊടുന്നതുമാണ്. ഒരിക്കലും അനുവദിക്കാനാവില്ല. ഈ നാടകം ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യമായി കാണാൻ കഴിയില്ല. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരുടെ ചരിത്രമുണ്ട് സഭക്ക്. രണ്ടായിരം വർഷമെത്തുമ്പോഴും അത് അണയാതെ നെഞ്ചിലുണ്ടെന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. വിശ്വാസത്തിനു വേണ്ടി മരിക്കാൻ തയ്യാറായവരുടെ പ്രകടനമാണ് ഇന്നിവിടെ കണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ജീവന് വില കൊടുത്ത് ആവിഷ്കരിക്കുന്നതാണ് വിശ്വാസം. നാടകവും പിപ്പിടിയും കാണിച്ചു ഒതുക്കി നിറുത്താമെന്ന് ആരും കരുതേണ്ട. ഇത് വിശ്വാസത്തിന്റെ മാത്രമല്ല പൊതു സമൂഹത്തിലെ മൂല്യങ്ങളുടേത് കൂടിയാണെന്നും മാർ നീലങ്കാവിൽ പറഞ്ഞു. കക്കുകളി നാടകത്തിനെതിരെ ഇന്നലെ പള്ളികളിൽ പ്രത്യേക സർക്കുലർ വായിച്ചിരുന്നതിന്റെ തുടർച്ചയായി തൃശൂർ അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു കലക്ട്രേറ്റ് മാർച്ച്. നാടകം കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരിന്‍റെ സാംസ്‌കാരിക വകുപ്പ് നാടകത്തിന് പിന്തുണ നൽകുന്നതിനെ കെ.സി.ബി.സി അടക്കം വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ് നാടകം വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇത്തവണത്തെ അന്താരാഷ്ട്ര നാടകോത്സവത്തിലും കക്കുകളി അവതരിപ്പിച്ചിരുന്നു. ജില്ലാ കലക്ടർമാർ ഈ നാടകം നിരോധിക്കാനുള്ള തീരുമാനം എടുക്കണമെന്നാണ് രൂപതയുടെ ആവശ്യം.ഫ്രാൻസിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. നടക്കതിനെതിരെയുള്ള സഭയുടെ സമരത്തിനെതിരെ നാടക പ്രവർത്തകരും സാംസ്‌കാരിക സംഘടനകളും രംഗത്ത് വന്നിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അമ്മയുടെയും പെങ്ങന്മാരുടെയും മുതുകത്ത് കയറി ‘കക്കുകളി’ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് മാർ ടോണി നീലങ്കാവിൽ; നാടകവും പിപ്പിടിയും കാണിച്ച് ഒതുക്കാമെന്ന് കരുതരുതെന്നും മുന്നറിയിപ്പ്
Advertisement
Advertisement