ആ ക്രൂരനെ പോലീസും നാട്ടുകാരും ചേർന്ന് വലയിലാക്കി: പോലീസിന്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്കൊപ്പം കൈകോർത്തത് നാട്; നന്ദിയറിയിച്ച് പോലീസ്

106

യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയശേഷം ഒളിവില്‍പോയ മാര്‍ട്ടിന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പീഡനത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ യുവതിയുടെ സുഹൃത്തുക്കളടക്കം വെളിപ്പെടുത്തിയപ്പോഴും കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

പൊലീസിന്റെ വിശ്രമമില്ലാത്ത നിരീക്ഷണവും നാടിന്റെ സഹകരണവും കൂടിയായപ്പോഴാണ് രാത്രി എട്ടരയോടെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നിടത്ത് നിന്നും മാർട്ടിനെ പിടി കൂടിയത്. കൊച്ചി സിറ്റി പൊലീസ്, ഷാഡോ, തൃശൂർ സിറ്റി പൊലീസ്, ഷാഡോ പൊലീസ്, പേരാമംഗലം, മുളങ്കുന്നത്തുകാവ് പൊലീസ് എന്നിവർക്കൊപ്പം രാഷ്ട്രീയം മാറി നിന്ന യുവജന സംഘടനകളും ഒന്നിച്ചാണ് ക്രൂരനെ പിടികൂടിയത്. മാർട്ടിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ നിന്നും അന്വേഷണം പ്രതിസന്ധിയിലായിരിക്കെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച അന്വേഷണമായിരുന്നു ഒടുവിൽ കുരുക്കിയത്. കൊച്ചിയിൽ നിന്നും മുങ്ങിയ മാർട്ടിൻ ജോസഫ് തൃശൂരിലെത്തിയ വിവരം കിട്ടിയതോടെ കൊച്ചി സെൻട്രൽ സി.ഐ നിസാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഒമ്പതിന് തൃശൂരിലെത്തി അന്വേഷണം തുടങ്ങി. തൃശൂർ സിറ്റി പൊലീസിലെയും ഷാഡോ പൊലീസിലെയും അംഗങ്ങളും നിരീക്ഷണത്തിനായി ഇറങ്ങി. സൈബർ വിങ്ങും സജീവമായി. വിവരം പേരാമംഗലം, മുളങ്കുന്നത്തുകാവ് പൊലീസിനും കൈമാറിയതോടെ അന്വേഷണം അതിവേഗത്തിലായി. മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് സി.ഐ അനന്തലാലിന്റെ നേതൃത്വത്തിൽ മേഖലയെ വലയത്തിലാക്കി. മാർട്ടിൻ ജോസഫിൻറെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിലാണ് ഒളിവിൽ കഴിയുന്ന വിവരങ്ങൾ അറിഞ്ഞത്. സുഹൃത്തുക്കളുടെ മൊബൈൽ ഫോണിനൊപ്പം മറ്റൊരു നമ്പർ കൂടി കിട്ടിയതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മുണ്ടൂരിന് സമീപമുള്ള വ്യവസായ മേഖലയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ ചതുപ്പിൽ വെള്ളത്തിലും കാട്ടിനുള്ളിലുമായി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തി. പൊലീസ് സഹകരണം തേടി യുവജന സംഘടനാ പ്രതിനിധികളെ അറിയിച്ചതോടെ പ്രവർത്തകരും കൂടി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കാട്ടിലേക്ക് ഓടി മറയുന്ന യുവാവിന്റെ ദൃശ്യം കണ്ടതോടെ അന്വേഷണം പ്രദേശം കേന്ദ്രീകരിച്ചായി. നാട്ടുകാരും പൊലീസും ചേർന്നുള്ള തിരച്ചിലിൽ രാത്രി എട്ടരയോടെ കുരുക്കുകയായിരുന്നു. നാടിന്റെ സഹകരണത്തിന് സെൻട്രൽ സി.ഐ നിസാറും മുളങ്കുന്നത്തുകാവ് സി.ഐ അനന്തലാലും നന്ദി അറിയിക്കുകയും ചെയ്തു.

മാർട്ടിൻ ജോസഫിൽ നിന്ന് യുവതി നേരിട്ടത് അതിക്രൂരമായ പീഡനങ്ങൾ. കഴിഞ്ഞ ഫെബ്രുവരി മുതൽ മാർച്ച് വരെ മാർട്ടിനിൽ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് കണ്ണൂർ സ്വദേശിനിയായ യുവതി നേരിട്ടത്.

ശരീരത്തിൽ പൊള്ളലേൽപ്പിക്കുക, ബെൽറ്റ് കൊണ്ടടിക്കുക, കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങളാണ് ദിവസങ്ങളോളം മാർട്ടിനിൽ നിന്ന് യുവതി നേരിട്ടിരുന്നത്. ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തിരുന്നു.

ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് മാർട്ടിൻ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ അതിക്രൂരമായ പീഡനം യുവതി നേരിട്ടു.

ഫ്ളാറ്റിന് പുറത്തു പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നും മാർട്ടിൻ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം പീഡനം സഹിച്ച യുവതി ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്ളാറ്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഏപ്രിൽ എട്ടിനാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.