Home programes മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

0
മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് ഈ വർഷം മുതൽ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. ജൈവസംസ്കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ദാരിദ്ര്യ നിർമ്മാർജ്ജന നാടാക്കി മാറ്റിയത് അരക്കോടി സ്ത്രീകൾ അണിനിരക്കുന്ന കുടുംബശ്രീ പ്രസ്ഥാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽനിന്ന് വരുമാന വർദ്ധനവ് എന്ന ലക്ഷ്യം കൈവരിക്കുന്ന പ്രവർത്തനങ്ങളാണ് അടുത്ത 25 വർഷം കുടുംബശ്രീ നടത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് എത്തിച്ചത് കുടുംബശ്രീയാണ്. ഇന്ന് കുടുംബശ്രീ ഉത്പന്നമെന്ന് പറഞ്ഞാൽ ജനങ്ങൾക്ക് വിശ്വാസ്യത ഏറെയാണ്. അതിനാൽ കേരളത്തിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ഈ പ്രസ്ഥാനത്തിനു സാധിക്കും. അങ്ങനെ കുടുംബശ്രീ വഴി പ്രാദേശിക വികസത്തിലൂടെ വിപ്ലവകരമായ മാറ്റം വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ലോക ജീവിതത്തെ കുടുംബശ്രീക്ക് മുമ്പ്, ശേഷം എന്ന് രണ്ടായി തിരിക്കും വിധം സമസ്ത മേഖലകളിലും ഈ പ്രസ്ഥാനം ജനകീയമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യ സംസ്ക്കരണത്തെ ജൈവ കൃഷിയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും കുടുംബശ്രീ നടത്തണമെന്നും മന്ത്രി പറഞ്ഞു.

ജനകീയ ഹോട്ടലിന്റെ സബ്സിഡി ഒരാഴ്ചക്കുള്ളിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കുടുംബശ്രീ പ്രസ്ഥാനത്തിനൊപ്പമുണ്ടെന്നും മന്ത്രി അറിയിച്ചു. അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ 2023 – 24 പോസ്റ്റർ പ്രകാശനം, വീഡിയോ പ്രകാശനം, ബാലസഭ ശുചിത്വോത്സവം ക്യാമ്പയിന്റെ പോസ്റ്റർ-വീഡിയോ പ്രകാശനം, ബാലസഭാംഗങ്ങൾക്കുള്ള ഗ്രീൻ കാർഡ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവ്വഹിച്ചു.

ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടന്ന വനിതകളുടെ അണ്ടർ 17വിഭാഗം ദേശീയ ഗുസ്തി മത്സരത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ  പാഴിയൊട്ടുമുറി പുളിച്ചാറൻ വീട്ടിൽ ഇഖ്ബാൽ – ഷെഹീറ ദമ്പതികളുടെ മകൾ ഫിദ ഫാത്തിമയെ മന്ത്രി അനുമോദിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ കഴിഞ്ഞത് കുടുംബശ്രീ പ്രസ്ഥാനം കൊണ്ടാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അഭിപ്രായപ്പെട്ടു.

പന്നിത്തടം ടെൽക്കൺ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ ആർ ജോജോ മുഖ്യസാന്നിധ്യം വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത്ലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജൻ, ഇ എസ് രേഷ്മ, മിനി ജയൻ, ചിത്ര വിനോബാജി, അഡ്വ. കെ രാമകൃഷ്ണൻ, രേഖ സുനിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ, പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, വാർഡ് മെമ്പർ സെയ്ബുനിസ ഷറഫുദീൻ, സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ എ സജീവ് കുമാർ, സീരിയൽ താരം സൗപർണിക സുഭാഷ്, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജില്ലാ മിഷൻ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ സ്വാഗതവും വേലൂർ സി ഡി എസ് ചെയർപേഴ്സൺ വിദ്യ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി കർഷക വിദഗ്ധർ നയിച്ച സെമിനാർ, കർഷക സംഗമം, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായി. കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു.

കേരളസർക്കാരിന്റേയും കുടുംബശ്രീ സംസ്ഥാന മിഷന്റേയും സംയുക്ത നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ. ഗ്രാമ സി ഡി എസുകളിലെ വനിതകളെ കൃഷിയിലേക്ക് നയിച്ച് ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിഷവിമുക്തവും പോഷകസ മൃദ്ധവുമായ പച്ചക്കറിയുടേയും പഴവർഗ്ഗങ്ങളുടേയും ഉപയോഗം വഴി ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കുന്നതിനു വേണ്ടി 10 ലക്ഷം വനിതകളെ കൃഷിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ജില്ലകളിലെ എല്ലാ ഗ്രാമ സിഡിഎസുകളിലെയും കുടുംബശ്രീ അംഗങ്ങൾ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here