മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ അതി സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരം:
ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ശ്വാസകോശം തുളച്ചു കയറിയ സ്ക്രൂ ഡ്രൈവർ പുറത്തെടുത്തു; രോഗി
അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ

124

മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി, കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങൾ ചേർന്ന അതി സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരം. കോണത്തുകുന്ന് സ്വദേശി പുതിയകാവിൽ വീട്ടിൽ രഘുവിന്(55) ആണ് അപൂർവ്വ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഞായറാഴ്ച പുലർച്ചെ നെഞ്ചിന് പിൻഭാഗത്ത് കൂടി 20 സെ.മീ നീളമുള്ള സ്ക്രൂ ഡ്രൈവർ തുളച്ചു കയറിയ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അത്യാസന്ന നിലയിൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് എത്തിയത്. പരിശോധനകളിൽ സ്ക്രൂ ഡ്രൈവർ നട്ടെല്ലും സുഷ്മന നാഡിയും തുളച്ച് ഹൃദയധമനികൾക്കിടയിലൂടെ ശ്വാസകോശം തുളച്ച നിലയിലായിരുന്നു. ന്യൂറോ സർജറി കാർഡിയോ തൊറാസിക് വിഭാഗങ്ങൾ ചേർന്നാണ് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ബിജു കൃഷ്ണന്റെ നേതൃത്വത്തിൽ ഡോ.ജിയോസെനിൽ കിടങ്ങൻ, ഡോ.രഞ്ജിത്ത്, ഡോ.തോമസ്, ഡോ.ഷാഹിദ് എന്നിവരും കാർഡിയോ തൊറാസിക് സർജൻ ഡോ.കൊച്ചു കൃഷ്ണനും ചേർന്നാണ് ഈ അതിസങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഡോ.ആഷികിൻറെ നേതൃത്വത്തിൽ അനസ്തീസിയ വിഭാഗം ഡോക്ടർമാരായ റിനി, വിജയ്, ഐശ്വര്യ, ഷിജിൻ എന്നിവരും ഈ സങ്കീർണ്ണ ശസ്ത്രക്രിയക്ക് സിംഗിൾ ലങ് വെൻറിലേഷനിലൂടെയാണ് മയക്കിയത്. നേഴ്സുമാരായ ദിവ്യ, സുമി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. രഘുവെൻറിലേറ്ററിൽ ന്യൂറോ സർജറി ഐ.സി.യുവിൽ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.