തെരുവ് നായ് ആക്രമിച്ചു; തൃശൂർ കോർപറേഷനിൽ നിന്നും അര ലക്ഷം നഷ്ടപരിഹാരം വാങ്ങി മുരുകൻ

94

തൃശൂർ നഗരത്തിൽ വെച്ച് തെരുവ്നായുടെ അക്രമണത്തിന് ഇരയായയാൾക്ക് അര ലക്ഷം നഷ്ടപരിഹാരം കൊടുത്ത് തൃശൂർ കോർപറേഷൻ. വില്ലടം സ്വദേശി കരിതമ്പത്ത് വീട്ടിൽ മുരുകന് ആണ് തൃശൂർ കോർപ്പറേഷൻ നഷ്ടപരിഹാര തുകയിനത്തിൽ 56,860 രൂപ കൈമാറിയത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി നിർദേശമനുസരിച്ച് നഷ്ടപരിഹാര തുകയായ 42,847 രൂപയും പലിശയും ചിലവും ചേർത്താണ് 56,860 രൂപ കൈമാറിയത്. 2019ലാണ് മുരുകന് കോർപ്പറേഷൻ പരിധിയിൽ വെച്ച് തെരുവ്നായയുടെ കടിയേറ്റത്. പരാതിയുമായി ആദ്യം കോർപ്പറേഷനെ തന്നെ സമീപിച്ചുവെങ്കിലും പരിഗണിച്ചിരുന്നില്ല. കോടതിയെ സമീപിച്ചതോടെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് അപേക്ഷ കൈമാറി. വാദപ്രതിവാദങ്ങളിൽ തെരുവ്നായ് നിയന്ത്രണ പദ്ധതികളടക്കമുള്ളവ വിശദീകരിച്ച കോർപ്പറേഷൻ വാദപ്രതിവാദങ്ങളുമായി വിചാരണ വൈകിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ കമ്മീഷൻ വിധി പുറപ്പെടുവിച്ചു. 42,847 രൂപ നഷ്ടപരിഹാരവും പലിശയും ചിലവും ചേർത്ത് നൽകാൻ. ഇക്കഴിഞ്ഞ 10ന് കോർപ്പറേഷനിലേക്ക് കമ്മീഷന്റെ ഉത്തരവുമെത്തിയതോടെ കോർപ്പറേഷൻ നേരിട്ട് തന്നെ മുരുകനെ കത്തയച്ച് നഷ്ടപരിഹാര വിധിയെത്തിയതും തുക കൈപ്പറ്റാനുമാവശ്യപ്പെട്ട് വിളിക്കുകയായിരുന്നു. ചൊവ്വാഴ്ച മുരുകൻ കോർപ്പറേഷൻ ആസ്ഥാനത്തെത്തി തുകയുടെ ചെക്ക് കൈപറ്റി. തെരുവ് നായ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഏറെ പേർക്കും നഷ്ടപരിഹാരത്തെ കുറിച്ചുള്ള അജ്ഞതയുമുണ്ട്. അതേ സമയം അജ്ഞത മുതലെടുക്കുന്ന ലോബിയും രംഗത്ത് സജീവമാണ്. തെരുവ്നായ് നിയന്ത്രണത്തിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കി വൻ തുക ചിലവിടുന്നുണ്ടെങ്കിലും നിയന്ത്രണം നടക്കുന്നില്ല. തൃശൂർ ജില്ലയിൽ ഇക്കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 30 ഓളം പേരെയാണ് തെരുവ്നായ് ആക്രമിച്ചത്.

Advertisement
Advertisement