
തൃശൂർ പൂരത്തിന് തിരുവമ്പാടിയുടെ സ്വർണ്ണക്കോലത്തിൽ അതിവിശിഷ്ടമായ വേണുഗോപാലമൂർത്തിയുടെ ഗോളകയിൽ ചാർത്താനായി 544 ഗ്രാം തൂക്കം വരുന്ന പുതിയ സ്വർണ്ണമാല വ്യാഴാഴ്ച കാലത്ത് ഏഴിന് സമർപ്പിക്കും. ക്ഷേത്രം നടവരവിൽ നിന്ന് ലഭിച്ച സ്വർണ്ണം ഉപയോഗിച്ചാണ് പുതിയ മാല നിർമ്മിച്ചത്. വേണുഗോപാലമൂർത്തിയുടെ ഗോളകയിൽ ചാർത്തുന്ന പുരാതനമായ സ്വർണ്ണ അവിൽ മാലക്കും നീലക്കല്ല് മാലക്കും പുറമെയാണ് പുതിയ മാല കൂടി പൂരത്തിന് ചാർത്തുക. കല്ലുകൾ പതിച്ച സ്വർണാഭരണം ദേവസ്വം പ്രസിഡണ്ട് ഡോ. സുന്ദർ മേനോനും, സെക്രട്ടറി കെ. ഗിരീഷ്കുമാറും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് നൽകി ഭഗവാന് സമർപ്പിക്കും .

ദേവസ്വത്തിന് വേണ്ടി തൃശൂരിലെ പ്രശസ്ത സ്വർണ്ണ വ്യാപാരിയും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവുമായ സി.എസ് അജയകുമാറാണ് മാലയുടെ നിർമ്മാണം നിർവഹിച്ചത്.
തൃശൂർ പൂരം കാണാൻ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തിരുവമ്പാടി ദേവസ്വം നേരിട്ട് ക്ഷണിച്ചു.

തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. ടി എ സുന്ദർമേനോന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തു പോയി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരായ സജിചെറിയാൻ, എം.ബി രാജേഷ്, കെ.എൻ ബാലഗോപാൽ, എ.കെ ശശിന്ദ്രൻ എന്നിവർക്കും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, സി. എം രവീന്ദ്രൻ, എ.പി.എസ്, ചീഫ് സെക്രട്ടറിമാർ തുടങ്ങിയവർക്കും ക്ഷണക്കത്ത് നൽകി. തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുന്നതിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും വാഗ്ദാനം ചെയ്തതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.