വില്വാമലയിൽ താമര വിരിഞ്ഞു; ബി.ജെ.പിക്ക് ആദ്യമായി തിരുവില്വാമല പഞ്ചായത്ത് ഭരണം

158

ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന തിരുവില്വാമല പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബി.ജെ.പിയുടെ സ്മിത സുകുമാരൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് തിരുവില്വാമല പഞ്ചായത്ത് ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. കഴിഞ്ഞ ടേമിൽ എൽ.ഡി.എഫിനായിരുന്നു ഭരണം.
17 അംഗ ഭരണസമിതിയിൽ ബിജെപിക്കും കോണ്‍ഗ്രസിനും ആറു വീതം അംഗങ്ങളും എൽഡിഎഫിന് അഞ്ചു സീറ്റുമാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് പന്ത്രണ്ടു സീറ്റിന്‍റെ വ്യക്തമായ ആധിപത്യത്തിലായിരുന്നു പഞ്ചായത്ത് ഭരിച്ചത്. കഴിഞ്ഞ തവണ ബിജെപിക്ക് മൂന്നും കോണ്‍ഗ്രസിന് രണ്ടുമായിരുന്നു സീറ്റുനില.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ കെ.പത്മജയ്ക്കും ബിജെപിയിലെ സ്മിത സുകുമാരനും ആറുവീതവും എൽഡിഎഫിന്‍റെ വിനി ഉണ്ണികൃഷ്ണന് അഞ്ചും വോട്ടുകൾ ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പിലൂടെ തിരുവില്വാമല പഞ്ചായത്തിന്‍റെ അമരത്തേക്ക് നാലാം വാർഡിലെ സ്മിത സുകുമാരൻ തെരഞ്ഞെടുക്കപ്പെട്ടത്.