പെൻഷൻ വീട്ടിലെത്തിക്കണമെന്ന് സർക്കാർ, പഴയന്നൂരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാൻ വിതരണക്കാരൻ്റെ വീട്ടിലെത്തണം അല്ലെങ്കിൽ ജീവനക്കാരൻ വിളിക്കുന്നിടത്ത്

1058

വീട്ടിലെത്തിക്കേണ്ട പെൻഷൻ പഴയന്നൂരിൽ വിതരണക്കാരൻ വിളിക്കുന്നിടത്തെത്തണം. ഇല്ലെങ്കിൽ പെൻഷൻ മറന്നേക്കണം. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീട്ടിലെത്തിക്കണമെന്നാണ് സർക്കാർ നിർദ്ദേശം എന്നാൽ പെൻഷൻ തൻ്റെ ഔദാര്യമെന്ന പോലെയാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള പഴയന്നൂർ കാർഷിക സഹകരണ ബാങ്ക് ജീവനക്കാരൻ്റെ ധാർഷ്ട്യം. ചോദ്യം ചെയ്താൽ അടുത്ത തവണ പെൻഷൻ വൈകും. ഗുണഭോക്താക്കളോടുള്ള ഇയാളുടെ പെരുമാറ്റവും വളരെ മോശമാണ്. പെൻഷൻ എത്തിയോയെന്ന് അന്വേഷിച്ച വയോധികയോട് നിങ്ങളാരാ പിണറായി വിജയൻ്റെ ഭാര്യയാണോ? എന്നായിരുന്നു ഇയാളുടെ ധിക്കാരത്തോടെയുള്ള മറുപടി. വീട്ടുജോലിക്ക് പോയി നിക്കുന്നവരും ആശുപത്രിയിൽ ആയതുകൊണ്ട് സ്ഥലത്തില്ലാത്തവരും വന്നാൽ 3 മാസത്തെ പെൻഷൻ ഉണ്ടെങ്കിൽ ഒരു മാസത്തെ നൽകി ബാക്കി തുക ഇയാൾ തിരിമറി നടത്തുകയും ചെയ്യും. മിക്ക ദിവസങ്ങളിലും രാവിലെ ഇയാളുടെ വീട്ടുപടിക്കൽ പെൻഷൻ വാങ്ങാനെത്തുന്നവരുടെ തിരക്കാവും. ഇയാളുടെ ഭാര്യക്കാണ് വിതരണ ചുമതല. പഞ്ചായത്തിലെ വെള്ളാർകുളം, കോടത്തൂർ കല്ലംപറമ്പ്, കുന്നത്തറ വാർഡുകളിലായായി നാനൂറിലധികം ഗുണഭോക്താക്കൾക്ക് ഇയാൾ പെൻഷൻ വിതരണം നടത്തുന്നുണ്ട്. മിക്കവാർഡുകളിലും പീടികത്തിണ്ണയിലും മരച്ചുവട്ടിലും വെച്ചാണ് പെൻഷൻ വിതരണം. ഒരാൾക്ക് പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നതിന് 40 രൂപയാണ് സർക്കാർ നൽകുന്നത്. ഇതു കൂടാതെ സഹകരണ ബാങ്കിലെ ശമ്പളവും ലഭിക്കും. പെൻഷൻ വാങ്ങുന്ന ആൾ സ്ഥലത്തില്ലെങ്കിൽ കൈമടക്ക് കൂടുന്നതനുസരിച്ച് വീട്ടിലെ ആരെങ്കിലും വന്നാലും പെൻഷൻ ലഭിക്കും. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനെന്നനിലയിൽ വിലസുന്ന ഇയാളുടെ തോന്ന്യാസങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഇയാൾ ജോലി ചെയ്യുന്ന കാർഷിക സഹകരണ ബാങ്ക്.