എളനാടിൽ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൂന്ന് കോടിയുടെ മരങ്ങൾ കടത്താനുള്ള ശ്രമം പിടികൂടി

1109

പട്ടയഭൂമിയിൽ നിന്നും മുറിച്ചെടുത്ത മരങ്ങൾ കടത്താനുള്ള ശ്രമം പിടികൂടി. എളനാട് സ്റ്റേഷൻ പരിധി‍യിലെ പുലാക്കോട് ആണ് വനംവകുപ്പ് അനുവദിച്ച 18 പാസുകളിലായ 160 ഓളം മരങ്ങളാണ് കടത്താൻ ശ്രമിച്ചത്. വിപണിയിൽ മൂന്ന് കോടിയോളം വില വരും. വിവരം ശ്രദ്ധയിൽപ്പെട്ട വകുപ്പിലുള്ളവർ തന്നെ പൊലീസിനെ‍യും അറിയിച്ചു. ഇതോടെ മരം കയറ്റിയ വാഹനം പിടിച്ചിട്ടു. വനംവകുപ്പ് അനുവദിച്ച പാസിലാണ് മരം കടത്തിയതെന്ന് വിശദീകരിച്ചെങ്കിലും ഇക്കഴിഞ്ഞ രണ്ടിന് പട്ടയഭൂമിയിൽ നിന്നും മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തന്നെ റദ്ദാക്കിയിരുന്നു. പാസ് അനുവദിച്ചിരിക്കുന്നതാകട്ടെ ഇക്കഴിഞ്ഞ നാലിനാണ്. പാസ് ലഭിച്ചതോടെ മരം കൊണ്ടുപോയവർക്ക് അനുമതിയോടെയാണെങ്കിലും, പാസ് നൽകിയത് നിയമവിരുദ്ധമായി. ഇതോടെ എത്ര മരമാണെന്നതും അതിൻറെ മൂല്യവുമുൾപ്പെടെ പാസ് അനുവദിച്ച ഉദ്യോഗസ്ഥൻറെ ബാധ്യതയാവും. പ്രദേശത്ത് നിന്ന് വ്യാപകമായി മരം മുറിച്ചതായാണ് വിവരം. സർക്കാർ ഉത്തരവ് ലംഘിച്ച് നടത്തിയ കൊള്ളയിൽ ഉത്തരവാദികളിൽ നിന്നും നഷ്ടം ഈടാക്കണമെന്ന ആവശ്യം സേനാംഗങ്ങൾ ഉയർത്തിയിട്ടുണ്ട്. പാസ് നിയമവിരുദ്ധമാണെന്ന ആക്ഷേപവും ഉയർന്നതോടെ പാസിൽ തിയതി രേഖപ്പെടുത്തുന്നതിൽ തെറ്റുപറ്റിയതാണെന്ന് കാണിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തിയിട്ടുണ്ട്. ഉന്നത ഉദ്യോസ്ഥരുടെ ഒത്താശയോടെ നടന്ന സംഭവം ഒത്തുതീർക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.