ജാഗ്രത കുറയുന്നു, കോവിഡ് വ്യാപനം രൂക്ഷം; പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും

155

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കും. ഇതിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരേയും, പോലീസിനേയും ഉൾപ്പെടുത്തി ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.ശ്രീജയൻ അധ്യക്ഷത വഹിച്ചു.
പല സ്ഥലങ്ങളിലും ആർ.ആർ.ടി അംഗങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ജനങ്ങളുടെ ജാഗ്രത കുറഞ്ഞത് വ്യാപനത്തിനിടയാക്കുന്നു. ഇതിനെതിരെ പഞ്ചായത്തടിസ്ഥാനത്തിൽ മൈക്ക് അനൗൺസ്മെന്റ്, ലഘുലേഖകൾ, പോസ്റ്റർ, റിവേഴ്‌സ് ക്വറന്റൈൻ തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗത്തിൽ തീരുമാനമായി.

ബ്ലോക്ക് സ്ഥിരം സമിതി അംഗം അരുൺ കാളിയത്ത് സി.എച്ച്.സി സൂപ്രണ്ട് ഡോക്ടർ ഷീബ കെ.ജെ, ചേലക്കര എസ്.ഐ എം.ഹംസ, ഡോ. ദിവ്യ എം.ടി, ഡോ.രചന കെ, രാജീവ് പി.പി, ചെറുതുരുത്തി സി.പി.ഒ പ്രവീൺ എം.ബി, ബ്ലോക്ക് സെക്രട്ടറി എ.ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.