ദേശീയ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ഷീനക്ക് വീടൊരുങ്ങും; മന്ത്രി ഇ.പി.ജയരാജൻ
18 ലക്ഷം രൂപ കൈമാറി

32

ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജോതാവ് ചേലക്കര സ്വദേശിനി ഷീനക്ക് കൂടൊരുക്കാന്‍ കായികവകുപ്പിന്റെ സഹായഹസ്തം. ഷീനയ്ക്ക് 18 ലക്ഷം രൂപ കായിക മന്ത്രി ഇ പി ജയരാജന്‍ കൈമാറി. ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
ദേശീയ ഗെയിംസിനു ശേഷമാണ് താരത്തിന്റെ ജീവിതാവസ്ഥ പുറത്തറിയുന്നത്. ഇതിനെ തുടർന്ന് എം.എൽ.എ. യു ആര്‍ പ്രദീപ് ഷീനക്ക് വീടിന് തുക അനുവദിക്കാന്‍ ഇടപെടുകയായിരുന്നു.
വീട് നിര്‍മ്മാണത്തിന് നേരത്തെ പണം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടപടികള്‍ വൈകി. ഈ വിവരം അറിഞ്ഞ മന്ത്രി ഇ പി ജയരാജന്‍ പണം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം കൈമാറുകയായിരുന്നു.
ഭൂവനേശ്വറില്‍ നടന്ന ഏഷ്യന്‍ഗെയിംസിലും ഇറാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസിലും ഷീന മെഡല്‍ കരസ്ഥമാക്കിയിരുന്നു. നിലവില്‍ കൃഷി വകുപ്പില്‍ ജീവനക്കാരിയാണ്. വീടിനായി അനുവദിച്ച പണം ലഭ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷീന പ്രതികരിച്ചു. എത്രയും വേഗം സ്ഥലം കണ്ടെത്തി വീട് നിര്‍മ്മാണം ആരംഭിക്കുമെന്നും താരം അറിയിച്ചു. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, സെക്രട്ടറി ഗോപകുമാര്‍, വൈസ് പ്രസിഡന്റ് ഒ കെ വീനീഷ്, കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം റഫീഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.