വിശ്വാസങ്ങളുടെ കാര്യത്തിൽ കെ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കണമെന്ന് സിനിമാതാരം ദേവൻ

92

വിശ്വാസങ്ങളുടെ കാര്യത്തിൽ കെ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കണമെന്ന് സിനിമാ താരം ദേവൻ. ചേലക്കരയിൽ ഭാരതീയ ജനതാ മഹിളാമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹിളാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ചേലക്കര നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ രാധാകൃഷ്ണൻ വിശ്വാസികളുടെ കൂടെയാണോ അവിശ്വാസികളുടെ കൂടെയാണോ എന്ന നിലപാട് വ്യക്തമാക്കണമെന്ന് സിനിമാ നടൻ ദേവൻ അഭിപ്രായപ്പെട്ടു.
വിശ്വാസികളുടെ അവകാശങ്ങൾ ഹനിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് സമീപനം കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയുമെന്നും ദേവൻ പറഞ്ഞു.
കഴിഞ്ഞ ആറു വർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്നും ദേവൻ പറഞ്ഞു.

പരിപാടിയിൽ മഹിളാമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് കവിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പി ആർ രാജ് കുമാർ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത സുകുമാരൻ, പുഷ്പവല്ലി, മഹിളാമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിജിമോൾ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രസന്ന ശശി, മഹിളാമോർച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഓമന ഉണ്ണി, സുനിത എന്നിവർ പ്രസംഗിച്ചു.