ശ്രീകൃഷ്ണപുരത്തു നിന്നും സിപിഎം നഗരസഭാ കൗൺസിലറെ ആക്രമിച്ച് തട്ടിയെടുത്ത കാർ മായന്നൂർ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

224

മായന്നൂർ പരതഭാഗത്ത് റോഡിൽ നിന്നും നാനൂറ് മീറ്ററോളം ഉള്ളിൽ കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ വനം വകുപ്പ് വാച്ചറാണ് കാർ കണ്ടെത്തിയത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ സിപിഎം കൗൺസിലർ ചെമ്മാട് ചുക്കാൻ മേലോട്ടിൽ മുഹമ്മദാലിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ചൊവ്വാഴ്ച രാവിലെ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കാട്-ചെർപ്പുളശ്ശേരി റോഡിൽ തിരുവാഴിയോട് കനാൽ പാലത്തിന് സമീപത്തു നിന്നാണ് അജ്ഞാതരായ ആറംഗ അക്രമി സംഘം മാരുതി ബ്രെസ്സ കാർ തട്ടിയെടുത്തത്. മുഹമ്മദാലി ചെന്നൈയിൽ ഹോട്ടൽ, ബേക്കറി ബിസിനസ്സ് നടത്തുകയാണ്. ചെന്നൈയിൽ നിന്ന് തിരൂരങ്ങാടിയിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നത് ബിസിനസ്സ് പങ്കാളികളായ നിസാർ, യഹിയാസ് എന്നിവരാണ്. കാറിൽ പണം ഉണ്ടാകുമെന്ന ലക്ഷ്യത്തിൽ മുഹമ്മദാലി സഞ്ചരിച്ച കാറിന് കുറുകെ വാൻ നിർത്തി തടഞ്ഞു പിന്നീട് പുറകിലെ വാഹനത്തിലുണ്ടായിരുന്ന അക്രമികൾ വടിവാളും കമ്പിവടിയുമായി ഇറങ്ങി വന്ന് കാറിൻ്റെ ചില്ല് തകർത്താണ് മുഹമ്മദാലിയേയും സുഹൃത്തുക്കളേയും വലിച്ചിറക്കിയത്. പിന്നീട് കാറുമായി ചെർപ്പുളശ്ശേരി ഭാഗത്തേക്ക് കടന്നു. മുഖം മറച്ചായിരുന്നു സംഘത്തിൻ്റെ ആക്രമണം. മൂന്ന് മൊബൈൽ ഫോണുകളും മുപ്പതിനായിരം രൂപയും കാറിലുണ്ടായിരുന്നു. മായന്നൂരിൽ കണ്ടെത്തിയ കാർ പലയിടത്തും പൊളിച്ചു പരിശോധിച്ചിട്ടുണ്ട്. ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷ്, ഫിംഗർപ്രിൻ്റ് വിദഗ്ദർ, സയൻ്റിഫിക്ക് അസിസ്റ്റൻ്റ് എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തിന് പിന്നിൽ കുഴൽപ്പണം തട്ടിയെടുക്കുന്ന സംഘമാണെന്നാണ് പ്രാഥമിക വിവരം. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.