തുടർക്കഥയായി മോഷണം; തിരുവില്വാമലയിൽ കൂട്ടുപാതയിൽ ആളില്ലാത്ത വീട്ടിൽ 16 ലക്ഷത്തിൻ്റെ കവർച്ച

231

തിരുവില്വാമല പഴമ്പാലക്കോട് കൂട്ടുപാതയിലെ പുനർജനി സ്റ്റോപ്പിന് സമീപത്തുള്ള സഫാ മൻസിൽ മുഹമ്മദിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കുറച്ചു ദിവസമായി മുഹമ്മദും ഭാര്യയും ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടിലുള്ള പൂച്ചക്ക്‌ ഭക്ഷണം കൊടുക്കാനെത്തിയ മുഹമ്മദിന്റെ മകന്റെ സുഹൃത്താണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. പഴയന്നൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ. ജെ.നിസാമുദ്ദീൻ, എസ്.ഐ.അജീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. തൃശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.. 15000 രൂപ, 12 പവൻ സ്വർണ്ണം, 10 ലക്ഷം രൂപ വിലവരുന്ന 2 ക്യാമറയും 5 ലെൻസുകൾ, വിലപിടിപ്പുള്ള സൺ ഗ്ലാസുകൾ, 55 ഇഞ്ച് ടിവി എന്നിവയാണ് മോഷണം പോയിരിക്കുന്നത്.