പഴയന്നൂരിൽ പിടിവിട്ട് കോവിഡ്, ബുധനാഴ്ച 16 പേർക്ക് രോഗം സ്ഥിരീകരിച്ചു; പഞ്ചായത്തിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ കൂട്ടുന്നു

269

പഴയന്നൂർ പഞ്ചായത്തിൽ കോവിഡ് വ്യാപിക്കുന്നു. ബുധനാഴ്ച 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത അവലോകനയോഗം ചേർന്നു. പഞ്ചായത്തിൽ ഉയർന്നുവരുന്ന കോവിഡ് പോസറ്റീവ് നിരക്കുകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച കോവിഡ് ടെസ്റ്റിംഗ് സെന്ററായ കല്ലംപറമ്പ് കല്ല്യാണ മണ്ഡപത്തിൽ വച്ച് കൂടുതൽ ആളുകൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തും. ആഴ്ചയിൽ രണ്ട് ദിവസമാണ് ടെസ്റ്റ് നടത്തുന്നത്. വ്യാഴാഴ്ച 1, 2,3 വാർഡുകളിലുള്ളവർക്കും ശനിയാഴ്ച ഓട്ടോ ടാക്സി ഡ്രൈവർമാർ, ട്രേഡ് യൂണിയൻ തൊഴിലാളികൾ എന്നിവർക്കും ടെസ്റ്റ് നടത്തും. കൂടാതെ വാർഡ് തലത്തിൽ കോവിഡ് പ്രചാരണ പരിപാടികളും ജനങ്ങൾക്ക് വാക്സിൻ രജിസ്ട്രേഷനുള്ള സഹായങ്ങൾ ലഭ്യമാക്കുവാനും യോഗം തീരുമാനിച്ചു.