സിപിഎമ്മിൽ അമ്മയുടെ മഹത്വമറിയാത്തവരുണ്ടോ?; ജില്ലാ കമ്മിറ്റിയംഗം പി എ ബാബുവിനെതിരെ ആഞ്ഞടിച്ച് മുൻ ചേലക്കര ഏരിയ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ എൻ എം ശ്രീനിവാസൻ

709

സിപിഎമ്മിൽ അമ്മയുടെ മഹത്വമറിയാത്തവരുണ്ടോ? ജില്ലാ കമ്മിറ്റിയംഗം പി എ ബാബുവിനും പഴയന്നൂർ ലോക്കൽ കമ്മിറ്റിക്കുമെതിരെയും ആഞ്ഞടിച്ച് മുൻ ചേലക്കര ഏരിയ കമ്മിറ്റിയംഗവും പഴയന്നൂരിലെ മുതിർന്ന സിപിഎം നേതാവുമായ എൻ എം ശ്രീനിവാസൻ. തന്റെ മാതാവിന്റെ എൺപത്തിനാലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പാർട്ടിക്കാരെ വിലക്കിയത് ആരെന്നറിയണമെന്നും എൻ എം ശ്രീനിവാസൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ധാർഷ്ട്യക്കാരെ ജനം തിരസ്‌കരിച്ചു. പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നു. ജില്ലാ കമ്മിറ്റിയംഗം പി എ ബാബുവിന്റെ ഇടപെടലാണ് 3 പഞ്ചായത്തിൽ തോൽവിക്ക് കാരണം. പ്രവർത്തകരുടെ വികാരമറിയാതെ ഏകാധിപത്യ തീരുമാനമെടുത്തു പാർട്ടിയെ തോൽപിച്ചു. പാർട്ടിയിലേക്ക് പുതുതായി വരുന്നവരെ അകറ്റികൊണ്ടിരിക്കുന്നു. നേതാക്കന്മാരാണെന്ന് പറഞ്ഞു നടക്കുന്നവർ റോഡിലുള്ള ജനങ്ങളെ കണ്ടാൽ മുഖം തിരിക്കുന്നവരാണ്. പാർട്ടി സാധാരണക്കാരിൽ നിന്ന് അകന്ന് കൊണ്ടിരിക്കുന്നു. ജനങ്ങൾ ഇവരെ ഭയന്ന് നടക്കേണ്ട സ്ഥിതിയാണ്. സ്വന്തം കാര്യത്തിന് ഉപയോഗിക്കുന്നവരുടെ കയ്യിലാണ് പാർട്ടി. കഴിഞ്ഞ കാലത്ത് പഴയന്നൂർ പഞ്ചായത്ത് ഭരിച്ച പ്രസിഡണ്ടും വൈസ് പ്രസിഡന്റും ജനങ്ങളെ പുച്ഛിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മത്സരിച്ച വാർഡിൽ മൂന്നാം സ്ഥാനത്തായത് എന്റെ തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു,
ആരോഗ്യ കാരണങ്ങളാൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും ലീവെടുത്ത് മാറി നിൽക്കുക ആയിരുന്നു 2017 ൽ ലീവിൽ പ്രവേശിച്ച താൻ 2021 മാർച്ചിൽ തുടർ പ്രവർത്തന അനുമതി നൽകണമെന്ന് കത്ത് നൽകിയെങ്കിലും അനുമതി നൽകിയില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. എന്നാലും കെ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു എന്നിട്ടും ലീവ് ക്യാൻസൽ ചെയ്ത് തുടർ അനുമതി നൽകിയില്ല.
തന്നെ ഒറ്റുകൊടുത്തത് പാർട്ടിക്ക് അകത്തുള്ളവർ തന്നെയാണ്. അനാവശ്യമായി കേസിൽ പ്രതിയായി. പാർട്ടി പ്രവർത്തനങ്ങൾ മൂലം നിരവധി കേസുകളും രോഗവുമാണുള്ളത്. ജയിൽ വാസമടക്കം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നാൽ പാർട്ടിക്ക് വേണ്ടി ഏറ്റെടുത്ത കേസുകൾ സ്വന്തം ചിലവിൽ ആണ് ഇപ്പോൾ നടത്തുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. ചിലരുടെ തെറ്റായ തീരുമാനങ്ങൾ കാരണമാണ് പാർട്ടി ഈയവസ്ഥയിലെത്തിയത്. ഓരോ സമര പരിപാടികളിൽ പ്രവർത്തകരുടെ പങ്കാളിത്തക്കുറവ് കാണുമ്പോൾ വിഷമം തോന്നുന്നു. നിരവധിയാളുകൾ പാർട്ടിയിൽ നിന്നകന്നുകൊണ്ടിരിക്കുന്നത് നേതൃത്വം തിരിച്ചറിയണം.
പാർട്ടി കേന്ദ്ര കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ തനിക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ടൊ എന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കണം. എന്നും ശ്രീനിവാസൻ പറഞ്ഞു.

Advertisement
Advertisement