
പഴയന്നൂർ അമ്പലനടയിൽ മഴയിൽ റോഡ് കുളമായി. നിർമ്മാണം തടഞ്ഞത് വിനയായി. പ്ലാഴി – വാഴക്കോട് റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി അമ്പലനടയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് നിർമ്മാണം തടഞ്ഞത്. റോഡ് നിർമ്മാണം മൂലം കടുത്ത വ്യാപാര പ്രതിസന്ധി നേരിട്ടിരുന്ന വ്യാപാരികൾ റോഡ് നിർമ്മാണം തടസ്സപ്പെട്ടതോടെ വെട്ടിലായി. സ്ഥാപനങ്ങളിലേക്ക് കയറാൻ വഴി പോലുമില്ലാത്ത അവസ്ഥ നിലനിൽക്കുമ്പോഴാണ് മുന്നിൽ വെള്ളക്കെട്ട് മൂലം കുളമായത്. ആദ്യം മുതൽക്കെ മിൽമ അടക്കമുള്ള കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നിരന്തര സമരത്തിലായിരുന്നു. അതുവരെ മൗനം പാലിച്ച സി പി എം അവസാന നിമിഷം സമരവുമായെത്തിയത് ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇപ്പോൾ നിർമ്മാണ സ്തംഭനവും വ്യാപാരികൾക്കിടയിൽ അതൃപ്തിക്കിടയാക്കുന്നുണ്ട്.