
നിർമ്മാണം പൂർത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്താതെ പഴയന്നൂർ പഞ്ചായത്തിലെ പുഞ്ചപ്പാടം -കുമ്പളക്കോട് റോഡ്. സഹികെട്ട നാട്ടുകാർ അധികൃതർക്ക് പരാതി നൽകി. പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതി പ്രകാരം കഴിഞ്ഞ മാസം പണി പൂർത്തീകരിച്ചു സഞ്ചാരയോഗ്യമാക്കേണ്ട നാലു കിലോമീറ്റർ റോഡാണ് ഒരു വർഷം കഴിഞ്ഞിട്ടും പാതിവഴിയെത്തി നിക്കുന്നത്. 2.70 കോടി രൂപയാണ് കരാർ തുക. കഴിഞ്ഞ വർഷം മാർച്ച് 30 ന് ആരംഭിച്ച റോഡ് നിർമ്മാണം ഈ വർഷം മാർച്ച് 29ന് പൂർത്തീകരിയ്ക്കണമെന്നാണ് കരാറിലുള്ളത്. എന്നാൽ തുടക്കത്തിൽ തന്നെ പണികൾ ഇഴഞ്ഞാണ് നീങ്ങിയത്. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഗവണ്‍മെന്‍റ് ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ). പൂർണമായും പഴയ റോഡ് കുത്തിപൊളിച്ചാണ് പുതിയ രീതിയിൽ നിർമ്മിക്കുന്നത്. നിര്‍മ്മാണ വേളയിലും നിര്‍മ്മാണത്തിനുശേഷവും റോഡ് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പി.എം.ജി.എസ്.വൈ ത്രിതല ഗുണനിലവാര ഉറപ്പാക്കല്‍ സംവിധാനമാണ് ഉള്ളതെന്ന് പറയുന്നു. മികച്ച നിലവാരപരിപാലനം ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ ഗുണനിലവാര നീരീക്ഷണമുണ്ടായിട്ടും റോഡ് നിർമ്മാണം തൃപ്തികരമല്ല എന്നതാണ് വാസ്തവം. രണ്ടാഴ്ച് മുൻപ് വരെ പൊടികൊണ്ടു സഹിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസത്തെ വേനൽമഴയാണ് പൊടിയിൽ നിന്ന് കുറച്ച് ആശ്വാസമുണ്ടാക്കിയത്. മഴ കനക്കുന്നതോടെ മണ്ണിട്ടഭാഗം ചെളിക്കുളമാകും. ഭജന മഠം മുതൽ മെറ്റൽ മാത്രമാണിട്ടിരിക്കുന്നത് . പഞ്ചായത്തിലെ പ്രധാന ആദിവാസി കോളനിയായ കുമ്പളക്കോട് മാട്ടിൻമുകൾ കോളനിയിലേക്കുള്ള പ്രധാന റോഡാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. ദിവസേന മൂന്ന് ബസുകൾ അരമണിക്കൂറിടവിട്ട് ഓടികൊണ്ടിക്കുന്ന റൂട്ടിൽ ഇപ്പോൾ ഓട്ടോ വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണ്. നിർമ്മാണ സാധനങ്ങളുടെ ലഭ്യതക്കുറവും ഉദ്യോഗസ്ഥരുടെ സഹകരണമില്ലായ്‌മയുമാണ് പുഞ്ചപ്പാടം – കുമ്പളക്കോട് റോഡ് നിർമ്മാണത്തിലെ തടസമെന്ന് കോൺട്രാക്ടർ ആരോപിക്കുന്നു. പണികൾ എത്രയും പെട്ടെന്ന് തീർത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ജനപ്രതിനിധികളും മൗനത്തിലാണ്.