ഞെരളത്ത് പുരസ്കാരം ആശാ സുരേഷിന് സമ്മാനിച്ചു

105

സോപാനസംഗീതാചാര്യന്‍ ഞെരളത്ത് രാമപ്പൊതുവാളുടെ പേരില്‍ ഞെരളത്ത് രാമപ്പൊതുവാള്‍ പബ്ളിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാനമായ ഞെരളത്ത് കലാശ്രമം നല്‍കിവരാറുള്ള ഞെരളത്ത് പുരസ്കാരം സോപാന സംഗീതജ്ഞ ആശാ സുരേഷിന് സമ്മാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍. മുരളി പുരസ്കാരം സമ്മാനിച്ചു. തന്റേതായശൈലിയില്‍ ഇടക്കകൊട്ടിപ്പാടി സോപാന സംഗീത സംസ്കൃതിക്ക് പുതിയ മാനവും മാന്യതയും നേടിയെടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചത് പരിഗണിച്ചും ഈ മേഖലയിൽ സ്ത്രീ സാന്നിധ്യം ശക്തിപ്പെടുക എന്ന ഞെരളത്ത് രാമപ്പൊതുവാളിന്റെ ആശയത്തിന്റെയും അടിസ്ഥാനത്തിലാണ് ആശ സുരേഷിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 5001 രൂപയും ‘സോപാനവാനമ്പാടി’ വിശേഷണത്തോടുകൂടിയ പ്രശസ്തിപത്രവും ഉപഹാരവുമാണ് പുരസ്കാരമെന്ന് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഞെരളത്ത് ഹരി ഗോവിന്ദനും ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മയും അറിയിച്ചു. പുരസ്കാരം സ്വീകരിച്ചശേഷം ആശയുടെ മൂന്ന് വ്യത്യസ്ത സോപാന ഗാനാവതരണങ്ങളുമുണ്ടായി. ഇരിങ്ങാലക്കുടയിൽ വെളുത്താട്ടിൽ സുരേഷ്കുമാറിന്റേയും രാജലക്ഷ്മിയുടേയും മകളായ ആശ സുരേഷ് ഇക്ക്ണോമിക്സിലും ലൈബ്രറിസയൻസിലും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥിനിയാണ്. 2019ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട ആശസുരേഷ്,തുടർച്ചയായി 4 വർഷം സംസ്ഥാന സ്കൂൾ യുവജനനോത്സവത്തിൻ സംസ്കൃതം അക്ഷരശ്ലോകം ,മലയാളം അക്ഷരശ്ലോകം എന്നിവയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം നടത്തിവരുന്ന അഖിലേന്ത്യാ ‘നാരായണീയ’ ദശകപാഠമത്സരത്തിൽ തുടർച്ചയായ 12 വർഷം ഒന്നാംസ്ഥാനവും തൃശൂർ പൂരത്തോടനുബന്ധിച്ചു നടത്തുന്ന വി.കമലാകരമേനോൻ സ്മാരക അക്ഷരശ്ലോകമത്സരത്തിൽ
‘സുവർണ്ണമുദ്ര’ ജേതാവുമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ലോക്മന്ഥാൻ ‘യുവപ്രതിനിധിത്വ’പുരസ്കാരവും നേടിയിട്ടുണ്ട് ആശ സുരേഷ്. സമൂഹമാദ്ധ്യമങ്ങളിൽ 150ൽ പരം ഫേസ്ബുക്ക് പേജുകളിൽ സോപാനസംഗീതം ‘തൽസമയം’ അവതരിപ്പിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. സോപാനസംഗീതത്തിനു പുറമേ ചെണ്ട-പഞ്ചാരിമേളം,അക്ഷരശ്ലോകം,നാരായണീയം,കവിതലാപനം ,ക്ലാസ്സിക്കൽ നൃത്തം എന്നിവയിലും ആശ കഴിവുതെളിയിച്ചിട്ടുണ്ട്.

Advertisement
Advertisement