ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കാൻ അടിയന്തിര അവലോകന യോഗത്തിൽ തീരുമാനം: നോഡൽ ഓഫീസർ കെ.ജീവൻ ബാബു ചുമതലയേറ്റു

14

ജില്ലയിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ നിർവ്യാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അടിയന്തിര യോഗം ചേർന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാ നോഡൽ ഓഫീസറായി ചുമതലയേറ്റ സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബുവിൻ്റെ അധ്യക്ഷതയിലാണ് ജില്ലാ കലക്ടർ എസ് ഷാനവാസിൻ്റെ ചേംബറിൽ യോഗം ചേർന്നത്.

യോഗത്തിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി വിലയിരുത്തി. ജില്ലയിലെ റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ ഊർജിതപ്പെടുത്താനും കോവിഡ് ജാഗ്രത പോർട്ടലിൽ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായും സമയബന്ധിതമായും രേഖപ്പെടുത്തുന്നതിനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജീവൻ ബാബു നിർദേശം നൽകി.

ഇത്തരം കാര്യങ്ങൾക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഒന്നു വീതവും നഗരസഭ, കോർപറേഷൻ പ്രദേശങ്ങളിൽ 4 പേർ വീതവും സെക്ടറൽ മജിസ്ട്രേറ്റ് ആൻഡ് കോവിഡ് സെന്റിനൽസിനെ നിയോഗിച്ചു.

ജില്ലാ കലക്ടർ എസ് ഷാനവാസിനെ കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ പ്രദീപ് , ഡെപ്യൂട്ടി ഡി എം ഒ സതീഷ് നാരായണൻ, എൻ എച്ച് എം ഡി പി എം ഡോ. ടി വി സതീശൻ തുടങ്ങിയവരും പങ്കെടുത്തു.