
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തണല്‍കുട ഒരുക്കി ഒരു ഹെക്ടറില്‍ നഴ്‌സറി. പാര്‍ക്കിനുള്ളില്‍ നടുന്നതിന് ആവശ്യമായ തൈകള്‍ നട്ട് പിടിപ്പിച്ച് പരിപ്പാലിപ്പിക്കുന്നത് ഈ നഴ്‌സറിയിലാണ്. പത്ത് ലക്ഷത്തിലധികം വിവിധ ഇനം തൈകളാണ് പാര്‍ക്കിനുള്ളില്‍ നട്ടുപിടിപ്പിക്കുന്നത്. പാര്‍ക്കിനുള്ളില്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ നിലയിലുള്ള ചെറുവനങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യമായ തൈകളാണ് നഴ്‌സറിയില്‍ ഒരുക്കുന്നത്. സുവോളജിക്കല്‍ പാര്‍ക്കിലെ ഹോര്‍ട്ടികള്‍ച്ചര്‍ ആന്റ് ലാന്റ്‌സ്‌കേപ്പിംഗ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നഴ്‌സറിയില്‍ തൈകള്‍ ഉല്‍പ്പാദിപ്പിച്ച് നട്ടുപിടിപ്പിക്കുന്നത്. ചെട്ടികുളം സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നുള്ള 15,000 വൃക്ഷത്തൈകളും പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കിയ 10,000 പന, മുള തൈകളുമാണ് ഇവിടെ പരിപാലിച്ചു വരുന്നത്.
പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരു സ്ഥിരം നഴ്‌സറിക്കായുള്ള സ്ഥലമൊരുക്കല്‍, പമ്പ് ഹൗസ് നിര്‍മ്മാണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരു ലാന്റ്‌സ്‌കേപ്പിംഗ് പ്ലാനാണ് സുവോളജിക്കല്‍ പാര്‍ക്കിനായി വിഭാവനം ചെയ്യുന്നത്. കന്‍ഹസോണ്‍, സൈലന്റ് വാലി സോണ്‍, സുളു ലാന്‍ഡ്, ഷോല സോണ്‍, ഗ്രാസ് ലാന്‍ഡ് സോണ്‍ എന്നിങ്ങനെ ഒമ്പത് വ്യത്യസ്തമായ മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ വൃക്ഷങ്ങള്‍, മുള, പന, വിവിധയിനം പുഷ്പങ്ങള്‍ എന്നിവയുടെ പത്ത് ലക്ഷത്തോളം തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 22 ഇനം മുളകള്‍, 34 തരം പനകള്‍, കാട്ട് മരങ്ങള്‍ ഉള്‍പ്പെടെ 14983 മരങ്ങളാണ് പാര്‍ക്കില്‍ നട്ടുപിടിപ്പിക്കുന്നത്. രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് നഴ്സറിയുടെ പരിപാലനം.