ഹരിത പദവിയിൽ ഒല്ലൂക്കര ബ്ലോക്ക്; പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി

15

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് ഹരിത പദവി. 100 ശതമാനം മാർക്ക്‌ നേടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദവി കരസ്ഥമാക്കിയത്. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ബ്ലോക്കിൽ നടന്ന പരിപാടി ഗവ ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം ചെയ്തു.

Advertisement

ഹരിത പദവി നേടുന്നതിന്റെ ഭാഗമായി ഡിസ്പോസിബിൾ ഗ്ലാസ് പ്ലേറ്റ്, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ 2020 ജനുവരി ഒന്ന് മുതൽ പൂർണമായും ഓഫീസിൽ നിരോധിച്ചിരുന്നു. പകരം സ്റ്റീൽ കൊണ്ടുള്ള പാത്രങ്ങളും ഗ്ലാസ്സുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോഗിച്ചു കഴിഞ്ഞ പേന നിക്ഷേപിക്കുന്നതിനായി ഒരു പെൻബൂത്തും സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിലെ ഡ്രാഫ്റ്റ് പേപ്പറുകൾ കീറി ഒരു ട്രേയിലും നിക്ഷേപിക്കും. ഇതെല്ലാം ഹരിതകർമ്മസേനയ്ക്ക് കൈമാറും. കൈമാറാൻ കഴിയാത്ത പേപ്പറുകൾ കത്തിച്ചു കളയുന്നതിന് ഒരു ഇൻസിനേറ്ററും സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ സംസ്കരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി ഓഫീസ് കോമ്പൗണ്ടിൽ തന്നെ തുമ്പൂർമുഴി മോഡൽ കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോക്കോൾ കൃത്യമായി പരിപാലിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി ശീതൾ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപനതല ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ ഒരു ഹാന്റ്‌സ് ഫ്രീ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീനും ചൂടുവെള്ളം ലഭിക്കുന്ന വാട്ടർ ഫിൽറ്റർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ ശുചിമുറി, ഡ്രയിനേജ്‌ സോക്കേജ് പിറ്റ്, മഴവെള്ള സംഭരണിയും റീചാർജ് പിറ്റും എന്നിവയും നടപ്പാക്കിയിട്ടുണ്ട്. ഓഫീസിനകത്തും പുറത്തും അകത്തും ഹരിത ചറ്റങ്ങൾ കൃത്യമായി പ്രാവർത്തികമാക്കിയതാണ് ഹരിത സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇടയാക്കിയതെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
കെ ആർ രവി, ബ്ലോക്ക് ഡെവലപ്പ്മെൻ്റ ഓഫീസർ കെ ജെ അമൽ ഭാസ് എന്നിവർ പറഞ്ഞു.

Advertisement