സദാചാര ആക്രമണ കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ

75

ചേർപ്പ് ചിറയ്ക്കലിൽ സദാചാര ആക്രമണത്തിൽ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിലായി.

Advertisement

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശി നവീൻ ആണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ രക്ഷപ്പെടാൻ സഹായിച്ചവരിൽ അറസ്റ്റിലാവുന്നത് മൂന്ന് പേരായി. ഫെബ്രുവരി 18നാണ് ബസ് ഡ്രൈവറായ ചിറക്കൽ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹാറി (33) ന് മർദനമേറ്റത്. തുടർന്ന് ചികിത്സയിലായിരുന്ന സഹാർ മാർച്ച് ഏഴിന് മരിച്ചു. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത് (37), കരിക്ക വിഷ്ണു (31), മച്ചിങ്ങൽ ഡിനോൺ (28), കുറുപ്പംവീട്ടിൽ അമീർ (30), കൊടക്കാട്ടിൽ അരുൺ, നെല്ലിപ്പറമ്പിൽ രാഹുൽ (34), മച്ചിങ്ങൽ അഭിലാഷ് (27), മൂർക്കനാട് കാരണയിൽ ഗിഞ്ചു (28) എന്നിവരാണ് പ്രതികൾ. ഇവർക്കായി കഴിഞ്ഞ ദിവസം ലൂക്ക് ഔട്ട്‌ നോട്ടീസ് ഇറക്കിയിരുന്നു. ഏഴുപേർ പ്രദേശത്തെ താമസക്കാരും ഒരാൾ മൂർക്കനാട് സ്വദേശിയുമാണ്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ സംഘം ചേര്‍ന്ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം വച്ച് ആക്രമിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെയാണ് സഹര്‍ മരിച്ചത്. പ്രതികളെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷ വിമർശനമുയർന്നിരുന്നു. പ്രതികളെ രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കിയെന്ന കുടുംബത്തിന്റെ ആക്ഷേപമുയർന്നതോടെയാണ് പ്രതികൾക്ക് സഹായം നൽകിയവരുടെ അറസ്റ്റിൽ എത്തിയത്. പ്രധാന പ്രതികളെ കുറിച്ച് ഇനിയും പോലീസിന് വ്യക്തതയില്ല. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പോലീസ് വിശദീകരണം.

Advertisement