
കുറ്റൂർ നെയ്തലക്കാവിലമ്മ വടക്കുന്നാഥനെ വണങ്ങി ഇന്ന് തെക്കെഗോപുരനട തുറന്നിടും. രാവിലെ ചടങ്ങുകൾ പൂർത്തിയാക്കി നെയ്തലക്കാവ് ക്ഷേത്രത്തിൽ നിന്നും നാദസ്വര അകമ്പടിയോടെ എറണാകുളം ശിവകുമാറിന്റെ ശിരസിലേറിയാണ് ഭാഗവതിയുടെ എഴുന്നള്ളത്ത്. മന്ത്രി കെ. രാജൻ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ സുദർശൻ തുടങ്ങിയവർ എഴുന്നള്ളിപ്പിൽ അനുഗമിക്കുന്നുണ്ട്. വഴിനീളെ എഴുന്നെള്ളിപ്പിന് വരവേൽപ്പും നൽകുന്നുണ്ട്. തൃശൂരിൽ മണികണ്ഠനാലിൽ നിന്നും നാദസ്വരം മേളത്തിന് വഴിമാറും. പടിഞ്ഞാറേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കേ ഗോപുര വാതിൽ തുറന്നിടും. ശ്രീമോലസ്ഥാനത്തെ നിലപാട് തറയിലെത്തി മൂന്ന് തവണ ശംഖ് നാദം മുഴക്കി പൂര വിളംബരം നടത്തുന്നതോടെ പൂരമായി. തൃശൂരിൽ നാളെ പൂരങ്ങളുടെ പൂരം. പൂരം ഞായറാഴ്ചയും പിറ്റേന്ന് മേയ്ദിന അവധിയുമായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനങ്ങൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ഭരണകൂടം. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം പേർ വരെ കുടമാറ്റം മാത്രം കാണാൻ എത്താറുണ്ട്. കൊടും ചൂടായാലും വേനൽമഴ പെയ്താലും ഈയാണ്ടിൽ റെക്കാഡ് ജനങ്ങളുണ്ടാകുമെന്നാണ് പൊലീസും കരുതുന്നത്. ഇന്നലെ തുടങ്ങിയ ഇരുദേവസ്വങ്ങളുടേയും ആനച്ചമയപ്രദർശനത്തിൻ്റെ സുന്ദരകാഴ്ചകൾ ഇന്ന് രാത്രി പന്ത്രണ്ടുമണിവരെയുണ്ടാകും. ചമയപ്രദർശനത്തിന് മുൻവർഷങ്ങളേക്കാൾ തിരക്കായിരുന്നു.
നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കെഗോപുര നടയിലൂടെയാണ് പൂരത്തിന് ആദ്യമെത്തുന്ന കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. മേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. പൂര ദിവസം ഉച്ചയോടെ എട്ട് ഘടകക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും. 11 മണിക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻമാരാർ പ്രമാണം വഹിക്കുന്ന പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം നടക്കും. തിങ്കളാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും.