ജനകീയ സാമൂഹിക മാധ്യമ ഇടപെടൽ ഉത്തരവാദിത്വമുള്ളത്: ശ്രദ്ധേയമായി തൃശൂരിൽ ‘സിറ്റിസൺ ജേർണലിസം’ ശിൽപ്പശാല

91

തൃശൂരിലെ സാംസ്കാരിക സംഘടനയായ യുവസംസ്കാരയുടെ ആഭിമുഖ്യത്തിലായിരുന്നു ശില്പശാല

വിരൽത്തുമ്പിലേക്ക് ലോകം ചുരുങ്ങിയ കാലത്ത് ജനകീയ സാമൂഹിക മാധ്യമ ഇടപെടലും അതിന്റെ ഉത്തരവാദിത്വവും ബോധ്യപ്പെടുത്തി തൃശൂരിൽ സിറ്റിസൺ ജേർണലിസത്തെക്കുറിച്ചുള്ള ശിൽപശാല. തൃശൂരിലെ സാംസ്കാരിക സംഘടനയായ യുവസംസ്കാരയുടെ ആഭിമുഖ്യത്തിലായിരുന്നു ശില്പശാല. തൃശൂർ പ്രസ്ക്ലബ് ഹാളിൽ നടന്ന ശില്പശാല പ്രശസ്ത എഴുത്തുകാരി സനിത പാറാട്ട് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം മനുഷ്യത്വത്തിന് എന്ന പോലെ തന്നെ പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും വേണ്ടി നിലകൊള്ളണമെന്നും അശരണരുടെ ശബ്ദമായി മാറണമെന്നും സനിത പാറാട്ട് അഭിപ്രായപ്പെട്ടു. മാധ്യമ രംഗത്തെ കുത്തക കച്ചവട മേധാവിത്വങ്ങളെ ഇല്ലാതാക്കാനുള്ളതാണ്‌ സിറ്റിസൺ ജേർണലിസമെന്ന് ആശംസാ പ്രസംഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനും കേരള കൗമുദി മുൻ ബ്യൂറോ ചീഫുമായ സി.എ കൃഷ്ണൻ പറഞ്ഞു.

Advertisement

ജനകീയ മാധ്യമ പ്രവർത്തനത്തിന്റെ സാമൂഹിക പ്രസക്തിയെ കുറിച്ച് ഇ -നെറ്റ് ജനസേവനകേന്ദ്രം മാനേജിങ് ഡയറക്ടർ ലൂസിഫർ മുഖ്യ പ്രഭാഷണം നടത്തി. കേരള ലൈവ് ടി.വി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്നും സംസ്ഥാനത്ത് ജനസേവനകേന്ദ്രങ്ങളിലൂടെ എല്ലാ പോസ്റ്റൽ പിൻകോഡിലും ന്യൂസ്‌ ബ്യൂറോകൾ ആരംഭിക്കുമെന്നും ലൂസിഫർ പറഞ്ഞു.

ആഷിക് ഷറഫുദ്ധീൻ (ഡിജിറ്റൽ മാർക്കറ്റിംഗ്), വിനായക് പരമേശ്വർ (കമ്പ്യൂട്ടർ ഗ്രാഫിക്സ് ), ദീപക് യു വി (സോഷ്യൽ എഞ്ചിനീയറിംഗ്),ജോഫർ ഇ. ജെ. ( വാർത്തകളുടെ ഉള്ളടക്കത്തിന്റെ പ്രാധാന്യം ), ഹരീഷ് പുരുഷോത്തമൻ (ഓൺലൈൻ മാധ്യമ പ്രവർത്തനം), മിലൻ പി സോണി (ബ്ലോഗ് മാർക്കറ്റിംഗ് ), അഡ്വ വി ഹരികൃഷ്ണൻ (മാധ്യമ നിയമങ്ങൾ), ജി ബി കിരൺ (മാധ്യമ ഫോട്ടോഗ്രാഫി), വിൻലൈറ്റ് മീഡിയ ഡയറക്ടർ ജയ പ്രകാശ് കേശവൻ (വാർത്തയെഴുത്ത്) എന്നിവർ ക്ലാസുകൾ നയിച്ചു. കേരള വ്യാപാരി വ്യവസായി സമിതി തൃശൂർ ഏരിയ പ്രസിഡണ്ട് കെ കേശവദാസ് സ്വാഗതവും യുവസംസ്കാര സെക്രട്ടറി ജയദേവ് ശ്യാം നന്ദിയും പറഞ്ഞു.

Advertisement