ഷൺമുഖം കനാലിന്റെ പാർശ്വഭിത്തിഇടിഞ്ഞുതാഴ്ന്നത് മണ്ണിന്റെ ഉറപ്പില്ലായ്മമൂലമാണെന്ന് ജലസേചനവകുപ്പ്

11

പൂമംഗലം- പടിയൂർ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശത്ത് ഷൺമുഖം കനാലിന്റെ പാർശ്വഭിത്തി മൂന്നിടത്തായി ഇടിഞ്ഞുതാഴ്ന്നത് മണ്ണിന്റെ ഉറപ്പില്ലായ്മമൂലമാണെന്ന് ജലസേചനവകുപ്പ്. പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട് നൽകിയ പരാതിയിലാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ മറുപടി നൽകിയത്. കനാലിന്റെ പൂമംഗലം ഒന്നാംവാർഡിൽ ഉൾപ്പെട്ട ഭാഗത്ത് വടക്കേ ബണ്ടിന്റെ സംരക്ഷണഭിത്തിയാണ് 2020 ഫെബ്രുവരിയിൽ മൂന്നിടത്ത് ഇടിഞ്ഞുതാഴ്ന്നത്. നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾമാത്രം പിന്നിട്ടപ്പോഴായിരുന്നു ഇത്.സർക്കാരിന്റെ പദ്ധതിയിലുൾപ്പെടുത്തി 2017 ലാണ് എഴുകോടി രൂപ ചെലവഴിച്ച് കനാൽ നവീകരണം ആരംഭിച്ചത്. എന്നാൽ, ഫൗണ്ടേഷൻ വർക്ക് നടക്കുന്നതിനിടെ അരികിടിഞ്ഞുവീഴുകയായിരുന്നു.മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ച് കെ.ഇ.ആർ.ഐ. പീച്ചിയിൽ പരിശോധനയ്ക്കെത്തിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സംരക്ഷണഭിത്തിയുടെ പുനർനിർമാണത്തിനായി തുടർനടപടികൾ സ്വീകരിക്കുമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.