കരാർ പ്രകാരമുള്ള പണികൾ പൂർത്തീകരിക്കാതെ പാല്യേക്കരയിൽ ടോൾ കമ്പനി ഇതുവരെ പിരിച്ചെടുത്തത് 1052 കോടി; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കമ്പനിക്ക് സൗകര്യമൊരുക്കി നൽകുന്നുവെന്ന് ജോസഫ് ടാജറ്റ്

16

കരാർ പ്രകാരമുള്ള പണികൾ പൂർത്തീകരിക്കാതെ പാല്യേക്കരയിൽ ടോൾ കമ്പനി ഇതുവരെ പിരിച്ചെടുത്തത് 1052 കോടി. ടോൾ പിരിവ് ആരംഭിച്ച് 125 മാസങ്ങൾ കഴിഞ്ഞിട്ടും ഇനിയും നിർമ്മാണ പ്രവൃത്തികൾ ബാക്കിയുണ്ടെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷകക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശ രേഖാമൂലമുള്ള മറുപടിയിൽ ദേശീയപാത അതോറിറ്റി തന്നെ സമ്മതിക്കുന്നു. 2016 ഏപ്രിൽ 18ന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ പഞ്ച് ലിസ്റ്റിൽ പറഞ്ഞിരുന്ന പ്രവൃത്തികൾ ഇപ്പോഴും ബാക്കിയാണ്. ചാലക്കുടി അടിപ്പാത 24 ശതമാനം മാത്രമാണ് തീർന്നിട്ടുള്ളത്, പുതുക്കാട് അടിപ്പാതയും അനുബന്ധ സർവീസ് റോഡ്, ഡ്രൈനേജുകൾ എന്നിവ ഒന്നും തുടങ്ങിയിട്ടില്ലായെന്നും ഇത് ഭാരത് മാല പരിയോജന പദ്ധതിയിൽ പ്പെടുത്തി ഇനി ആറ് വരി പാത വരുമ്പോൾ മാത്രമേ ചെയ്യുള്ളു എന്നുമാണ് മറുപടിയിൽ പറയുന്നത്. ഇതിനുപുറമെ ഡ്രൈനേജുകൾ, കൾവെർട്ട് എന്നിവയും ടോൾ പ്ലാസയിലെ ചില പ്രവൃത്തികളും ഹൈ ട്രാഫിക് മാനേജ്‍മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവൃത്തികളും തീർന്നിട്ടില്ല. അഞ്ച് വർഷത്തിലൊരൊക്കിൽ ചെയ്യേണ്ട റീ ടാറിങ് രണ്ട് തവണയായി ഇനിയും പൂർത്തീകരിച്ചിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നു. കരാർ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയില്ലെങ്കിലും വർഷാവർഷം സെപ്തംബർ മാസത്തിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകുന്നുണ്ടെന്നതാണ് ശ്രദ്ദേയം. കോടികൾ പിരിച്ചെടുക്കുമ്പോൾ കരാറിൽ പറയുന്ന സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നില്ല. 2012 ഫെബ്രുവരിയിലാണ് പാല്യേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. 825 കോടിയാണ് ദേശീയ പാത നിർമാണത്തിന് ചിലവിട്ടതെന്നാണ് ദേശീയപാത അതോറിറ്റിയുടെ ഔദ്യോഗിക കണക്ക്. 10 വർഷം കൊണ്ടാണ് പണികളൊന്നും പൂർത്തിയാക്കാതെ 1052 കോടി പിരിച്ചെടുത്തത്. 2028 വരെ ടോൾ പിരിക്കാൻ അനുമതിയുണ്ട്. പണി പൂർത്തീകരിക്കാതെ ഈ വർഷം വർദ്ധനവിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ദേശീയാപത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും ഈ കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്ക്‌ കത്ത് നൽകിയതായി ജോസഫ് ടാജറ്റ് അറിയിച്ചു. നടപടിയുണ്ടായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും. ടോൾ തുടങ്ങുന്ന സമയം കേവലം പതിനായിരം വാഹനങ്ങളാണ് കടന്നു പോയിരുന്നതെങ്കിൽ ഇപ്പോൾ മുപ്പത്താറായിരം വാഹനങ്ങളാണ്. തുടങ്ങമ്പോൾ മാസത്തിൽ മൂന്ന് കോടിരൂപയാണ് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ശരാശരി 13കോടിയാണ് ലഭിക്കുന്നത് , കരാർലംഘനം നടത്തിയാൽ ടോൾ കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കാൻ തന്നെ കരാറിൽ നിബന്ധനയുണ്ടെന്നിരിക്കെ ഇങ്ങനെ കോടികൾ നേട്ടമുണ്ടാക്കാൻ അനുവദിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്
അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.

Advertisement
Advertisement